പോത്തന്‍വല ഉപയോഗിച്ച് കടല്‍ കലക്കി മത്സ്യബന്ധനം; വള്ളങ്ങള്‍ പിടിച്ചെടുത്തു
പഞ്ചവടി തീരക്കടലില്‍ മത്സ്യസമ്പത്തിന് നാശം വിതയ്ക്കുന്ന പോത്തന് വലകള്‍ (ഡബിള്‍ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റല്‍ മത്സ്യബന്ധനം നടത്തിയ നാല് മത്സ്യബന്ധന വള്ളങ്ങള്‍ ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങളും കേരള മണ്‍സൂണ്‍കാല മത്സ്യബന്ധന പെലാജിക്ക് പ്രൊട്ടക്ഷന്‍ ആക്ടും ലംഘിച്ച് നിരോധിച്ച ഡബിള്‍നെറ്റ് പോത്തന്‍വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളാണ് കണ്ടുകെട്ടിയത്.
ചാവക്കാട് അണ്ടത്തോട് സ്വദേശിയായ മാമതിന്റെ ഉടമസ്ഥതയിലുള്ള ബദരിയ ഒന്ന്, രണ്ട് വള്ളങ്ങളും ചാവക്കാട് മണത്തല സ്വദേശിയായ രമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷന് നടത്താത്ത രണ്ട് വള്ളങ്ങളുമാണ് പിടിച്ചെടുത്തത്. വള്ളത്തില്‍ ഉണ്ടായിരുന്ന ചെമ്മീന്‍ ലേലം ചെയ്തു കിട്ടിയ തുക സര്‍ക്കാരിലേക്ക് അടച്ചു. വള്ളങ്ങളുടെ ഉടമകള്‍ക്കെതിരെ തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനടപടി പൂര്‍ത്തിയാക്കി പിഴ ചുമത്തും.
തീരദേശ മേഖലകളില്‍ അനധികൃത മത്സ്യബന്ധനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. അഴീക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിംഗ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോഷി, അവിനാശ്, ലൈഫ് ഗാര്‍ഡുമാരായ അജിത്ത്, കൃഷ്ണപ്രസാദ്, വിബിന് സലീം, സ്രാങ്ക് റസാക്ക്, ഡ്രൈവര്‍ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിലുണ്ടായിരുന്നത്.
കരവലി, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ഡബിള്‍ നെറ്റ് വല, പോത്തന് വലകള്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ടെന്നും നിരോധനം ലംഘിക്കുന്ന വള്ളങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ മജീദ് പോത്തന്നൂരാന്‍ അറിയിച്ചു.
- Log in to post comments