Skip to main content

*മരിയനാട് പുനരധിവാസ പദ്ധതി: നഷ്ടപരിഹാരമായി അഞ്ച് കോടി അനുവദിച്ചു*

 

മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.  തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍  മാത്രമായിരിക്കും തുക വിനിയോഗിക്കുക.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ മരിയനാട് പുനരധിവാസ പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍  പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ച് ആനുകൂല്യ തുക വിതരണം ചെയ്യും. തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് ബന്ധപ്പെട്ട വകുപ്പ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥിരീകരിക്കണം. തൊഴിലാളികള്‍ ആനൂകൂല്യം കൈപ്പറ്റാന്‍ ആവശ്യമായ രേഖകള്‍ നല്‍കണം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്നത്തിന് ശ്വാശത പരിഹാരമാകുന്നത്.

മരിയനാട് എസ്റ്റേറ്റില്‍ 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്പ്പെട്ടു.  തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, പലിശ എന്നിവ വയനാട് പാക്കേജില്‍ അനുവദിച്ച തുകയില്‍ നിന്നും വിതരണം ചെയ്യും. ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ട പരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാകും. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കുക.  ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ അടിസ്ഥാനമാക്കി തുക കണക്കാക്കും.  എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 പേരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് പേരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ക്കും രണ്ട് താത്ക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 21 പേര്‍  മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്കും ആനുകൂല്യം ഉറപ്പാക്കും.

 

date