*ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ പരിഗണിക്കും; മുഖ്യ മന്ത്രി പിണറായി വിജയൻ*
കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം കൂടുതൽ ശക്തിപ്പെടുത്തി ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി പൂർത്തിയാക്കുന്നതിനു പ്രധാന പരിഗണന നൽകും. എന്നാൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പം എത്തിച്ചേരാവുന്ന മറ്റു സർക്കാർ ആശുപത്രികളുടെ നവീകരണത്തിന് നടത്തിയ വിവരങ്ങൾ മുഖ്യമന്ത്രി ജില്ലാ കലക്ടറോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കേണ്ട സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക ഗവൺമെൻ്റ് വനിതാ കോളേജിൽ നടന്ന മേഖലാതല യോഗത്തിൽ കാസർകോട് ജില്ലയിലെ വിഷയങ്ങൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ ജില്ലയിലെ മറ്റ് സർക്കാർ ആതുരാലയങ്ങളിൽ ശക്തിപ്പെടുത്താൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയും കിഫ്ബി പദ്ധതിയുടെ ഭാഗമായും ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മറ്റ് താലൂക്ക് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
- Log in to post comments