കുടുംബശ്രീ കെ-ടാപ്പ് പദ്ധതിക്ക് ഇടുക്കിയില്‍ ഉജ്ജ്വല തുടക്കം
കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന കെ-ടാപ്പ് (കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് ഇടുക്കിയില്‍ തുടക്കമായി.
പദ്ധതിയുടെ ജില്ലാതല ടെക്നോളജി ഡിസെമിനേഷന്‍ ക്ലീനിക്ക് പരിശീലന പരിപാടി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ്. എസ് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ സംസ്കരണ മേഖലകളിലെ പ്രശസ്ത സ്ഥാപനങ്ങളുടെ 180 ഓളം നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് കെ-ടാപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കെ-ടാപ്പ് പദ്ധതിയിലൂടെ ലഭ്യമാകുന്ന സാങ്കേതിക വിദ്യകളെയും സേവനങ്ങളെയും കുറിച്ച് ഓഫീസര്‍ ഡോ. ഷാനവാസ് എസ്. സംരംഭകര്‍ക്ക് വിശദീകരിച്ചു.
സംരംഭകര്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികളും സാങ്കേതിക വിദ്യയുടെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ഒരു ക്ലിനിക്കും പരിപാടിയുടെ ഭാഗമായി നടന്നു. വട്ടവട, ദേവികുളം എന്നിവിടങ്ങളിലെ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാര്‍ക്ക് പി.ഒ. അച്ചാര്‍, ചിപ്സ്, പാഷന് ഫ്രൂട്ട്സ് എന്നിവയുള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കൈപ്പുസ്തകം പ്രകാശനം ചെയ്തു.
പരിപാടിയില്‍ തിരഞ്ഞെടുത്ത സംരംഭകരുടെ നാല് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഒരു ഗിഫ്റ്റ് പാക്ക് കളക്ടര്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഷിബു ജി, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ് എസ്. എന്നിവര്‍ക്ക് കൈമാറി. ജില്ലാ പ്രോഗ്രാം മാനേജര്‍ ലക്ഷ്മി.എസ്, 55 സി.ഡി.എസുകളിലെയും ചെയര്പേഴ്സണ്മാര്, മെമ്പര്‍ സെക്രട്ടറിമാര്‍, അഗ്രി സി.ആര്.പി.മാര്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെ 200 ഓളം പേര് പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ചിത്രം: കെ-ടാപ്പ് പദ്ധതിയുടെ ജില്ലാതല ടെക്നോളജി ഡിസെമിനേഷന്‍ ക്ലീനിക്ക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി സംസാരിക്കുന്നു
- Log in to post comments