Skip to main content

ജനവാസ കേന്ദ്രത്തിന് അരികില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമിനെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്മെന്റ്  സ്‌ക്വാഡ്

വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ. ബേക്കറി-തൗടുഗോളി പ്രധാന റോഡരികിലെ ജംഗളയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ പന്നിഫാമില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. 500 ലധികം പന്നികളെ വളര്‍ത്തുന്ന ഫാമില്‍ നിന്നുള്ള മലിന ജലം ഫാം ഉടമയുടെ സ്ഥലത്ത് തന്നെ തുറസ്സായ കുഴിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പുരയിടത്തിന്റെ താഴ്ഭാഗത്ത് കൂടി ഒഴുകുന്ന അരുവിയിലേക്കും ഫാമില്‍ നിന്നുള്ള മലിനജനം ഒഴുകിയെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന രഹിതമാണ്. പരിസരത്തുള്ളവര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്ന സ്ഥാപനത്തില്‍ നിന്നും എത്രയും വേഗം നിലവിലുള്ള പന്നികളെ ഷിഫ്റ്റ് ചെയ്യുന്നതിനും ശാസ്ത്രീയമായും ലൈസന്‍സോടുകൂടിയും മാത്രം പുനരാരംഭിക്കുന്നതിനും ഉടമയെ അറിയിക്കുകയും ലംഘനത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് 219 കെ പ്രകാരം  25000 രൂപ പിഴ ചുമത്തുകയും, നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിന് പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വോര്‍ക്കാടിയിലെ ഒരു ഗോഡൗണില്‍ നിന്നും നിരോധിത കുടിവെള്ള കുപ്പികള്‍ പിടിച്ചെടുക്കുകയും 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ്  സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി എം.കെ നിശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ ജാസ്മിന്‍, ക്ലാര്‍ക്ക് ആര്‍.ഹരിത, സ്‌ക്വാഡ് അംഗം ഇ.കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.

date