ജാഗ്രത സമിതി കാര്യക്ഷമമാക്കണം: വനിതാ കമ്മീഷൻ
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാ മണി. പ്രാദേശിക തലത്തിൽ പരിഹരിക്കേണ്ട പരാതികൾ ജാഗ്രത സമിതിയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പരാതിയായി വരുന്നവരുടെ എണ്ണം കുറവാണ്. ഇത്തരം വിഷയത്തിൽ ഇനിയും ബോധവത്കരണം അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ജോലി നേടാനുള്ള അവസരവുമാണ് നൽകേണ്ടത്. വിവാഹത്തിനുള്ള തീരുമാനം അവർക്ക് വിട്ടു നൽകണമെന്നും അവർ അഭിപ്രായപ്പെട്ടു. വിവാഹേതര ബന്ധങ്ങളിലൂടെയുള്ള സൈബർ തട്ടിപ്പ് കേസുകളും അദാലത്തിൽ വ്യാപകമായി വരുന്നതായി വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.
45 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 9 പരാതികൾ പരിഹരിച്ചു. 36 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. സ്ത്രീധന പരാതി, ജോലി നിയമനം, വസ്തു തർക്കം സംബന്ധിച്ച പരാതികൾ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളാണ് അദാലത്തിൽ വന്നത്.
വനിതാ സെൽ എഎസ്ഐ വി പ്രഭാവതി, സി.പി.ഒ മാരായ എം ജിജിത, ടി കെ സജി, അസിസ്റ്റൻ്റ് ബി സതീഷ്,അഡ്വ. സി ഷീബ,കൗൺസിലർമാരായ സ്റ്റെഫി എബ്രഹാം, പി ജിജിഷ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.
- Log in to post comments