Skip to main content

ഉദ്ഘാടനം പി പി സുമോദ് എംഎൽഎ നിർവഹിച്ചു

 

 കുത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സംയോജിത ഫാമിങ് ക്ലസ്റ്ററിന്റെ (IFC) ഭാഗമായി 'സുസ്ഥിര' ലൈവ്ലിഹുഡ് സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ചു. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ മുഖേന നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. കുത്തന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കർഷകർക്ക് കാർഷിക-മൃഗസംരക്ഷണ ഉത്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധനവ്, ബ്രാൻഡിങ്, വിപണനം എന്നിവയിൽ ശാസ്ത്രീയമായ സഹായം നൽകി സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. സെന്ററിന്റെ ഉദ്ഘാടനം തോലനൂരിൽ പി.പി സുമോദ് എം എൽ എ നിർവഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് അധ്യക്ഷനായിരുന്നു.

പാലക്കാട് ജില്ലയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന അഞ്ച് സംയോജിത ഫാമിങ് ക്ലസ്റ്ററുകളിൽ ആദ്യത്തെ ലൈവ്ലിഹുഡ് സർവീസ് സെന്ററാണ് കുത്തന്നൂരിൽ പ്രവർത്തനസജ്ജമായത്. കേരളത്തിലെ 75 ഗ്രാമപഞ്ചായത്തുകളിൽ മാത്രം നടപ്പിലാക്കുന്ന ഈ പദ്ധതി, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ തയ്യാറാക്കാനും വിപണിയിൽ ഇടം നേടാനും അതുവഴി വരുമാനം വർദ്ധിപ്പിക്കാനുമുള്ള മികച്ച അവസരമായി കർഷകർ ഉപയോഗപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. ചൂണ്ടിക്കാട്ടി. 

കുടുംബശ്രീ മിഷന്റെ സാമ്പത്തിക-സാങ്കേതിക സഹായങ്ങളോടെ പ്രവർത്തിക്കുന്ന ഐ.എഫ്.സി., കർഷകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കും. കുത്തന്നൂർ പഞ്ചായത്തിലെ ഒന്ന്, 14, 15, 16 വാർഡുകളിൽ നിന്ന് ബേസ് ലൈൻ സർവെയിലൂടെ തിരഞ്ഞെടുത്ത 250 കുടുംബശ്രീ കർഷകരാണ് ഈ ക്ലസ്റ്ററിലെ അംഗങ്ങൾ. മാർച്ച് മാസത്തോടെ പ്രവർത്തനമാരംഭിച്ച ഈ ക്ലസ്റ്റർ, സർവെയുടെ അടിസ്ഥാനത്തിൽ കാർഷിക ഉത്പാദനം, മൂല്യവർദ്ധനവ്, വിപണനം എന്നിവയ്ക്ക് സഹായകമാകുന്ന രീതിയിൽ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, 'മണ്ണ് മുതൽ വിപണി വരെ' എന്ന ആശയത്തിൽ കർഷകർക്ക് ശാസ്ത്രീയമായ പിന്തുണ ഉറപ്പുവരുത്തും. 

പരിപാടിയുടെ ഭാഗമായി, കുത്തന്നൂർ സംയോജിത ഫാമിങ് ക്ലസ്റ്ററിലെ കർഷകരും സംരംഭകരും തയ്യാറാക്കിയ പച്ചക്കറികൾ, കറി പൗഡറുകൾ, ലഘുഭക്ഷണങ്ങൾ, മുട്ട, വെളിച്ചെണ്ണ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ വിപണന മേളയും നടന്നു. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഈ വർഷത്തെ ഓണവിപണിയിൽ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിലയും വിപണിയും കണ്ടെത്താൻ സഹായകമാകും.

 

 

date