കേച്ചേരി-അക്കിക്കാവ് ബൈപാസ്: ഭൂമി ഏറ്റെടുക്കൽ നടപടികൾ ആഗസ്റ്റ് 30നകം പൂർത്തിയാക്കും
കേച്ചേരി-അക്കിക്കാവ് ബൈപാസ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നടപടിക്രമങ്ങൾ ആഗസ്റ്റ് 30നകം പൂർത്തിയാക്കാൻ തീരുമാനം. കുന്നംകുളം മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തുന്നതിന് എ.സി. മൊയ്തീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. നിർമാണം അന്തിമഘട്ടത്തിലെത്തിയ കേച്ചേരി-അക്കിക്കാവ് ബൈപാസിനായി ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യാൻ എം.എൽ.എ നിർദ്ദേശിച്ചു.
കുന്നംകുളം ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ പതിനൊന്നാം വകുപ്പ് പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം ജൂലൈ 15-ന് മുമ്പ് പ്രസിദ്ധീകരിക്കുവാനും യോഗം തീരുമാനിച്ചു. റിംഗ് റോഡ് വികസനത്തിന്റെ സാമൂഹികാഘാത പഠനത്തിനുള്ള ഗസറ്റ് വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം തയ്യാറാക്കും.
കലശമല ഇക്കോ ടൂറിസം പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് ടൂറിസം വകുപ്പ് ഈ മാസം തന്നെ സ്പെഷ്യൽ തഹസിൽദാർക്ക് കൈമാറും. രണ്ടു മാസത്തിനകം ഭൂമി ഏറ്റെടുത്ത് റവന്യൂ വകുപ്പ്, ടൂറിസം വകുപ്പിന് കൈമാറാനും ധാരണയായി.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജൻ, അഡ്വ. കെ. രാമകൃഷ്ണൻ, എ.ഡി.എം. ടി. മുരളി, തഹസിൽദാർമാരായ പ്രസന്ന, ബിന്ദു, ഒ.ബി. ഹേമ, കെ.ആർ.എഫ്.ബി. ഇ.ഇ. ഷിബു, എ.ഇ.ഇ. സജിത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രേം ഭാസ്, സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments