സ്‌കൂള്‍ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം ഉമ്മിണി ഗവ. ഹൈസ്‌കൂളില്‍
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് പാലക്കാട് ഉമ്മിണി ഗവ. ഹൈസ്‌കൂളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സ്‌കൂളുകളില്‍ നടന്നു വരികയാണ്. ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി 1002 സ്‌കൂളുകളാണുള്ളത്. വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങളും ഫിറ്റ്‌നസും പരിശോധിച്ചു വരികയാണ്. 20 ശതമാനം സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് ലഭിച്ചതായും ബാക്കിയുള്ള സ്‌കൂളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും മെയ് 29 നകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കാലവര്‍ഷത്തോടുബന്ധിച്ച് സ്‌കൂളുകളിലെ അപകട ഭീഷണി നേരിടുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാനും, മതിലുകള്‍ അറ്റകുറ്റപണി നടത്തുവാനും എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരം വൃത്തിയാക്കുവാനും, സ്‌കൂള്‍ വാഹനമുണ്ടെങ്കില്‍ ആയതിന്റെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
- Log in to post comments