സുസ്ഥിര തൃത്താല; 38 പച്ചത്തുരുത്തുകള്‍ സജ്ജം അവലോകനയോഗം നടന്നു
സുസ്ഥിര തൃത്താലയുടെ ഭാഗമായി മണ്ഡലത്തില്‍ 21 വിദ്യാവനം ഉള്‍പ്പെടെ 38 പച്ചത്തുരുത്തുകള്‍ സജ്ജമാക്കിയതായി എം.ജി.എന്‍.ആര്.ജി.എ മിഷന് ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 ഏക്കര്‍ സ്ഥലത്ത് 16,154 തൈകള്‍ നട്ടു പിടിപ്പിച്ചുകൊണ്ടാണ് പച്ചത്തുരുത്തുകള്‍ നിര്‍മിച്ചിട്ടുള്ളത്.
ഓണം ലക്ഷ്യമാക്കി 162 ഏക്കര്‍ സ്ഥലത്താണ് സുസ്ഥിര തൃത്താലയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ചാലിശ്ശേരിയിലെ കര്‍ഷകനായ കണ്ണന്റേയും കുടുംബശ്രീ യൂണിറ്റിന്റെയും സ്ഥലത്ത് വിത്തിട്ടു. പച്ചക്കറിക്ക് പുറമേ ചെണ്ടുമല്ലി കൃഷിയും ആരംഭിച്ചിട്ടുണ്ട്. സുസ്ഥിര തൃത്താലയുടെ ഭാഗമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി, വിപണി വിലയേക്കാള്‍ 20 ശതമാനം ഉയര്‍ന്ന വിലക്ക് സംഭരിക്കും. വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലക്ക് സുസ്ഥിര തൃത്താലയുടെ വിപണന മേളയിലൂടെ ജനങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കും.
പട്ടിത്തറ പഞ്ചായത്തിലെ വാര്‍ഡ് ഏഴിലുള്ള വെങ്കര ക്വാറിയില്‍ മൈനര്‍ ഇറിഗേഷന്‍, സോയില്‍ കണ്സെര്വഷന്, നവകേരള മിഷന് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയതായി എ.നിസാമുദ്ദീന്‍ പറഞ്ഞു. ക്വാറിയില്‍ നിന്നുള്ള വെള്ളം കിണര്‍ റീചാര്‍ജിങ്ങിനും ഉപയോഗിക്കാമെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയതായി അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
49.40 ലക്ഷം രൂപയില്‍ കപൂര്‍ ഗ്രാമപഞ്ചായത്തിലെ പൂണൂല്കുളവും 38.20 ലക്ഷം രൂപയില്‍ പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ആര്ത്തികുളവും നവീകരിച്ചു. കൂടാതെ ചാലിശ്ശേരി, നാഗലശ്ശേരി, തിരുമ്മിറ്റക്കോട് എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലിക്കല്‍ തോടിനെ സംബന്ധിച്ച് വിശദ പഠനം നടത്തി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്കി.
കെഎസ്ഇബിയുടെ നേതൃത്വത്തില്‍ സോളാര്‍ ഉപയോഗിച്ച് 6070 കെ.ഡബ്ലിയു.എലില്‍ (kwl) 18210 യൂണിറ്റ് വൈദ്യൂതി ദിനംപ്രതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരുമാസം 5,46,300 യൂണിറ്റ് വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. ഒരു കുടുംബം കുറഞ്ഞത് 200 യൂണിറ്റ് വൈദ്യുതി ഉപഭോഗം നടത്തുന്ന പക്ഷം ഏകദേശം 2731 കുടുംബങ്ങള്‍ക്ക് ഈ വൈദ്യുതി ഉത്പാദനം ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ നവ കേരള മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, മന്ത്രി എം.ബി രാജേഷിന്റെ പ്രതിനിധി സുധീഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments