Skip to main content

ലക്ഷ്യം ജന്തുസ്‌നേഹം: ചാരമംഗലത്ത് ജന്തുക്ഷേമക്ലബ്  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ചെറുപ്പം മുതലേ സ്‌കൂൾ വിദ്യാർഥികളിൽ ജന്തുസ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച ജന്തുക്ഷേമ ക്ലബിന് ചാരമംഗലത്ത് തുടക്കമായി. ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂളിൽ നടന്ന ജന്തുക്ഷേമ ക്ലബ് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് ആടിനെ നൽകി ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ് വിദ്യാർഥി എ.നക്ഷത്രയ്ക്കാണ് മന്ത്രി ആടിനെ നൽകിയത്. മൃഗങ്ങളോട് മൃദുസമീപനമുണ്ടാകുന്നതിനുപുറമേ നിർധനരായ വിദ്യാർഥികൾക്ക്  പദ്ധതി സാമ്പത്തിക സഹായമാകുമെന്നും മന്ത്രി പറഞ്ഞു.  ആടു വളർത്തൽ പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ഉപജീവനമാർഗവുമാകും. 

പത്ത് വിദ്യാർഥികൾക്കാണ്  പ്രാരംഭ ഘട്ടത്തിൽ ആടുകളെ നൽകിയത്. ഒരു സ്‌കൂളിൽ 25 ആടുകളെ എങ്കിലും നൽകണമെന്ന് മൃഗസംരക്ഷണ വകുപ്പിനോടോവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുൻവർഷങ്ങളിൽ കോഴിക്കുഞ്ഞുങ്ങളെയാണ് വിദ്യാർഥികൾക്ക് നൽകിയിരുന്നത്.  നിലവിൽ ആടിനെ ലഭിച്ച വിദ്യാർഥികൾ അടുത്ത വർഷം ഇതേ സമയമാകുമ്പോൾ ആടിനുണ്ടാകുന്ന ഒരു ആട്ടിൻകുട്ടിയെ സ്‌കൂളിൽ തിരികെ ഏൽപ്പിക്കണമെന്ന വ്യവസ്ഥയാണുള്ളത്. ഇതുവഴി സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും ആട്ടിൻകുഞ്ഞുങ്ങളെ ലഭ്യമാക്കാനാകുമെന്ന്  സ്‌കൂൾ പ്രധാനാധ്യാപിക കെ.ഗീത പറഞ്ഞു.

ചാരമംഗലം സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും പുതിയ കെട്ടിടത്തിനുമായി 50 ലക്ഷം രൂപയും മന്ത്രി വാദ്ഗാനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ജെ.ജയലാൽ അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഡി.സതീശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല പുരുഷോത്തമൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എം സുഗാന്ധി, വൈസ് പ്രസിഡന്റ് മായാ മജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.ബി ഷാജികുമാർ, സിന്ധു രാജീവ് തുടങ്ങിയവർ പങ്കെടുത്തു. 

 

 

date