വിവരാവകാശ സൗഹൃദ കലക്ടറേറ്റ്: സെമിനാര്‍ ഇന്ന്
കോഴിക്കോട് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളും വിവരാവകാശ സൗഹൃദമാക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമീഷനും ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് (ജൂലൈ 14) കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ വകുപ്പ് മേധാവികള്‍ക്കും ഉച്ചക്ക് ശേഷം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പീല്‍ അധികാരികള്‍ എന്നിവര്‍ക്കുമായാണ് സെമിനാര്‍ നടത്തുക. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിക്കും.
വിവരാവകാശ നിയമത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കുകയും സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളെയും വിവരാവകാശ സൗഹൃദ ഓഫീസാക്കി മാറ്റുകയും ലക്ഷ്യമിട്ട്, വിവരാവകാശ നിയമം പാര്‍ലമെന്റ് പാസാക്കിയ ജൂണ്‍ 15 മുതല്‍ നിയമം പൂര്‍ണമായി നിലവില്‍വന്ന ഒക്ടോബര്‍ 12 വരെയാണ് ക്യാമ്പയിൻ നടത്തുന്നത്.
വിവരാവകാശ നിയമപ്രകാരം എല്ലാ ഓഫീസുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്ത് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കാനുള്ള നടപടികള്‍, എല്ലാ ഓഫീസുകളിലും വിവരാവകാശവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന പരിശോധന, ഓഫീസ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ കാലികമാക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്‍ കാലയളവില്‍ നടത്തും. ഒക്ടോബര്‍ 12ന് വിവരാവകാശ സൗഹൃദ കലക്ടറേറ്റ് പ്രഖ്യാപനം നടത്തും.
- Log in to post comments