Skip to main content
.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല പരിപാടി

ലഹരി വിരുദ്ധ പ്രവര്‍ത്തനം കുടുംബത്തില്‍ നിന്നാരംഭിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്നാരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. കുടുംബങ്ങളില്‍ മാറ്റമുണ്ടാവണം. കുടുംബങ്ങില്‍ മാറ്റമുണ്ടാവുമ്പോള്‍ സമൂഹം മാറും. സമൂഹം മാറുമ്പോള്‍ നാട് മാറും. നാട് മാറുമ്പോള്‍  രാജ്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി സാമൂഹ്യ വിപത്താണെന്നും അതിനെതിരെ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കട്ടപ്പന എക്സൈസ് ഇന്‍സ്പെക്ടര്‍ അതുല്‍ ലോനന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ  ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും, ഫ്ളാഷ് മോബും അരങ്ങേറി. വിദ്യാര്‍ഥികളെ ലക്ഷ്യബോധമുള്ളവരാക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ യൂട്ടിലിറ്റി കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇടുക്കി ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് കെ.എസ് നിര്‍വഹിച്ചു.

കട്ടപ്പന സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇടുക്കി ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് കെ.എസ് അധ്യക്ഷനായി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി. സെന്റ്. ജോര്‍ജ് എച്ച്എസ്എസ് മാനേജര്‍ ഫാ.ജോസ് മംഗലത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഇടുക്കി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സുരേഷ്, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മാണി കെ.സി, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്,  എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ ദീപു ജേക്കബ്, ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി. ശശി, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡിജോ ദാസ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, അമ്പലക്ക വല നാഷണല്‍ ലൈബ്രറി പ്രസിഡന്റ് പി.സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

ചിത്രം: 1.  ലഹരി വിരുദ്ധ ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.
2. ലഹരി വിരുദ്ധ പ്രതിജ്ഞ കട്ടപ്പന എക്‌സൈസ് ഇന്‍സ്പെക്ടര്‍ അതുല്‍ ലോനന്‍ ചൊല്ലികൊടുക്കുന്നു.
3. യൂട്ടിലിറ്റി കാര്‍ഡുകളുടെ വിതരണോദ്ഘാടനം വിദ്യാര്‍ഥികള്‍ക്ക് നല്‍കി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് കെ എസ് നിര്‍വഹിക്കുന്നു.

 

Video- https://we.tl/t-REi8MFAFTY 
 

date