വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അന്താരാഷ്ട്ര കോൺഫറൻസ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വേൾഡ് സൂണോട്ടിക് ദിവസത്തിന്റെ ഭാഗമായി നിപയും മറ്റ് ജന്തുജന്യ രോഗങ്ങളും - പ്രതിരോധ മാർഗങ്ങളുടെ സംയോജനം എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി രോഗ വകുപ്പിന്റെയും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ആൻഡ് റെസിലിയൻസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കോൺഫറൻസ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ഉദ്ഘാടനം ചെയ്തു. 2019 മുതൽ സംസ്ഥാനത്തെ ബാധിച്ച എല്ലാ പകർച്ചവ്യാധികളും കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയെ അദ്ദേഹം ചൂണ്ടിക്കാണിച്ച അദ്ദേഹം അതിനു സഹായിച്ച സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ വൺ ഹെൽത്ത് എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട്. ഈ മേഖലയിൽ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും വിശദീകരിച്ച അദ്ദേഹം ഇക്കാര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ. സിമ്മി തിവാരി മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിച്ചതിൽ കേരള സർക്കാരിനെ അവർ അഭിനന്ദിച്ചു. വൈറോളജി മേഖലയിൽ ഐഎവി ഇതിനകം തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുജനാരോഗ്യവും പകർച്ചവ്യാധി തയ്യാറെടുപ്പും മെച്ചപ്പെടുത്തുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്കു വളരെയധികം സംഭാവന നൽകാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ നിരന്തരമായി വേട്ടയാടുന്ന നിപ പോലുള്ള ജന്തുജന്യ അണുബാധകൾ സമയബന്ധിതമായി കണ്ടെത്തുന്നതിന് ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
കോൺഫറൻസിൽ പ്രമുഖ അന്താരാഷ്ട്ര, ദേശീയ വിദഗ്ധർ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെഷനുകൾ നടത്തി. സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രസന്റേഷൻ / ഓറൽ പ്രസന്റേഷൻ മത്സരങ്ങൾ നടന്നു. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിലെ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും മത്സരങ്ങളിൽ പങ്കെടുത്തു.
പി.എൻ.എക്സ് 3244/2025
- Log in to post comments