പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുക ലക്ഷ്യം : മന്ത്രി എം. ബി. രാജേഷ്
പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ്. കോന്നി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവും പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും ചാങ്കൂർ അമ്പലം ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾ സേവനത്തിനായി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങുന്ന കാലം കഴിഞ്ഞു. ലോകത്ത് എവിടെ നിന്നും സ്മാർട് ഫോണിലൂടെ സേവനങ്ങൾ ഉപയോഗിക്കാം. ഓഫീസ് പ്രവർത്തനത്തിന് സുതാര്യത വർദ്ധിച്ചു. കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നഗരസഭകളിൽ മാത്രമായി 21,000 വിവാഹ രജിസ്ട്രേഷനുകൾ ഓൺലൈൻ ആയി നടത്തി.
വിജ്ഞാനകേരളം പദ്ധതിയിൽ
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് വേണ്ടി ഓണത്തിന് മുമ്പായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പുരോഗമിക്കുന്നു.
'മാലിന്യമുക്തം നവകേരളം' മാലിന്യനിർമാർജന യജ്ഞവും ഊർജ്ജിതമായി നടക്കുന്നു.
മാലിന്യ സംസ്കരണം കൂട്ടായ പ്രവർത്തനമായി കാണണം.
2024-25 വർഷം മാത്രം ഹരിതകർമ്മ സേന 66106 ടൺ മാലിന്യം ശേഖരിച്ചു. പഞ്ചായത്തുകൾ ബോധവൽക്കരണത്തോടൊപ്പം മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടി
സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഏനാദിമംഗലം പഞ്ചായത്ത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ മികച്ച പുരോഗതി കൈവരിച്ചു.
പഞ്ചായത്ത് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് പൊതുജനത്തിന് മികച്ച സേവനം ലഭ്യമാക്കുന്നതിന് ആണെന്നും മന്ത്രി ഓർമിപ്പിച്ചു.
ചടങ്ങിൽ മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, കെ. രാജൻ എന്നിവർ ഓൺലൈനായി പങ്കെടുത്ത് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കോന്നി എംഎൽഎ കെ. യു. ജനീഷ് കുമാർ അധ്യക്ഷനായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാം വാഴോട്ട്, വൈസ് പ്രസിഡൻറ് ഉദയരശ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആർ. ബി. രാജീവ് കുമാർ, അംഗങ്ങളായ ആർ തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി രാജഗോപാലൻ നായർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments