അഴീക്കോട്-മുനമ്പം പാലം സെഗ്മെന്റ് ബോക്സ് ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി
തീരദേശത്തിന്റെ ചിരകാല സ്വപ്നപദ്ധതിയായ അഴീക്കോട് മുനമ്പം പാലത്തിന്റെ അഴീക്കോട് ഭാഗത്തെ സെഗ്മെന്റ് ബോക്സ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ജനപ്രതിനിധികളുടെയും, ഉന്നത എൻജിനീയർ വിദഗ്ധരുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
നിലവിൽ 205 പൈലുകളിൽ 195 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞു. 216 സെഗ്മെന്റ് ബോക്സ് ഗർഡറുകളാണ് പാലം പൂർത്തിയാക്കാൻ വേണ്ടിവരുന്നത്. ഇതിൽ 40 ഗർഡറിന്റെ നിർമ്മാണം കഴിഞ്ഞതിനാലാണ് ഫിറ്റിംഗ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സെഗ്മെന്റ് ബോക്സ് ഗർഡറുകൾ നിർമ്മിച്ച് ഫിറ്റിംഗ് നടത്തും. പാലത്തിന്റെ നിർമ്മാണ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും സെഗ്മെന്റ് ബോക്സ് ഗർഡറുകൾ സൈറ്റിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായ ഗതാഗത നിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്നും പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് പാലം നിർമാണത്തിൽ സെഗ്മൻ്റ് ബോക്സ് ഗർഡർ ലോഞ്ചിങ് ഉപയോഗിക്കുന്നത്. ഇതു മൂലം നിർമാണം വേഗത്തിലാക്കാനും പമ്പരാഗത രീതിയിൽ നിർമ്മാണം നടത്തുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ കായലിൽ വീഴുന്നത് തടയാനും കഴിയും. കൂടാതെ മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം തടസ്സപ്പെടാത്ത വിധം ക്രമീകരിക്കാനും സാധിക്കും.110 ടണ്ണിലേറെ ഭാരമുള്ള കുറ്റൻ ഗർഡറുകൾ 1200 മീറ്റർ അകലെയുള്ള നിർമാണശാലയിൽനിന്ന് ട്രെയ്ലറിലാണ് പാലത്തിലേക്ക് എത്തിക്കുന്നത്.
എംഎൽഎയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി രാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസിം, ബ്ലോക്ക് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, വാർഡ് മെമ്പർ പ്രസീന റാഫി, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്,
ചെറിയാൻ വർക്കി കൺസഷൻ ചെയർമാൻ ചെറിയാൻ വർക്കി, മാനേജിംഗ് ഡയറക്ടർമാരായ സജി ചെറിയാൻ, ചെറിയാൻ മാത്യു, ഐസിയുഡി ഡയറക്ടർ മുകുന്ദൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
- Log in to post comments