കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ ഉത്തുംഗ പ്രതീകം: വി. എസ്. പ്രിൻസ്
ജില്ലയിൽ ദാരിദ്ര്യനിർമാർജ്ജനത്തിനും വനിതാ ശക്തീകരണത്തിനുമായി കഴിഞ്ഞ 27 വർഷമായി കുടുംബശ്രീ പ്രസ്ഥാനം പ്രവർത്തിക്കുന്നു. 48 ലക്ഷം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പ്രസ്ഥാനമായി ഇത് ഇന്ത്യയ്ക്ക് മാതൃകയായിരിക്കുകയാണെന്നും കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തിന്റെ ഉത്തുംഗ പ്രതീകമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് പറഞ്ഞു.
കുടുംബശ്രീയുടെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം ഉയർത്തുന്നതിനും പ്രചാരണത്തിന് പുതിയ മൂല്യങ്ങൾ നൽകുന്നതിനുമായി തൃശ്ശൂർ ബിനി ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച ജില്ലാതല മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ പ്രസ്സ് ക്ലബിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. യു സലീൽ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീയുടെ 27 വർഷത്തെ പ്രവർത്തനങ്ങളും അതിലൂടെ കൈവരിച്ച നേട്ടങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളും വിശദീകരിച്ചുകൊണ്ട് ഡോ. യു. സലിൽ ക്ലാസ് എടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ. വേലായുധൻ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ജി. സതീഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ കെ. കെ. പ്രസാദ്, കെ. രാധാകൃഷ്ണൻ, എസ്. സി. നിർമൽ എന്നിവർ സംസാരിച്ചു .
- Log in to post comments