തെരുവുനായ വന്ധ്യംകരണത്തിന് മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ: മന്ത്രി എം ബി രാജേഷ്
തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും തെരുവുനായ്ക്കളുടെ വാക്സിനേഷനായി ആഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ യജ്ഞം നടത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശസ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓഡർ നൽകിയാൽ യൂണിറ്റുകൾ ലഭിക്കാൻ രണ്ടു മാസം വേണ്ടിവരും. ഇക്കാലയളവിൽ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്തും മുനിസിപ്പാലിറ്റിയും കണ്ടെത്തും. ബ്ലോക്കുകളിൽ വിന്യസിക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൈലറ്റ് സ്റ്റഡി നടത്തും. സ്ഥിരം എബിസി കേന്ദ്രങ്ങളെക്കാൾ ചിലവ് കുറവാണിവയ്ക്ക്. പട്ടിപിടുത്തത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ 158 പേർ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ മുഖേന കൂടുതൽ പേരെ കണ്ടെത്തും. എബിസി കേന്ദ്രത്തിനായി പട്ടിയെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. വന്ധ്യംകരണത്തിനായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സേവനം പ്രയോജനപ്പെടുത്തും.
മൊബൈൽ എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെ സിആർപിസി 107, ഐപിസി 186 വകുപ്പുകൾ പ്രകാരമുള്ള നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകും. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം ഗുരുതര രോഗമുള്ളതോ അപകടംപറ്റിയതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കും. ഇതിനായി രോഗബാധിതമാണെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. സെപ്റ്റംബറിൽ വളർത്തുനായകൾക്ക് വാസ്‌കിനേഷനും ലൈസൻസും ലഭ്യമാക്കാനായി ക്യാമ്പ് സംഘടിപ്പിക്കും.
കേന്ദ്രചട്ടങ്ങളുടെ നിബന്ധനകളുയർത്തുന്ന വെല്ലുവിളിയും ചട്ടങ്ങൾപ്രകാരം നടപടി സ്വീകരിക്കുമ്പോഴുള്ള ജനങ്ങളുടെ എതിർപ്പും ഇപ്പോൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിനായി മാലിന്യം വലിച്ചെറിയാതെ ജനങ്ങൾ സഹകരിക്കണം. എബിസി കേന്ദ്രങ്ങളോടും ജനങ്ങൾ സഹകരിക്കണം. എബിസി ചട്ടങ്ങളുടെ ഇളവിന് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏഴ് മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾകൂടി മൃഗസംരക്ഷണ വകുപ്പ് വാങ്ങുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നിലവിൽ 17 സ്ഥിരം എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 13 കേന്ദ്രങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 28 കേന്ദ്രങ്ങൾക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പശുക്കളിൽ ചിപ്പ് ഘടിപ്പിക്കുന്നതുപോലെ ഇനിമുതൽ നായ്ക്കളിലും ചിപ്പ് ഘടിപ്പിക്കും. പന്ത്രണ്ടക്ക നമ്പർ അടങ്ങിയ ചിപ്പിലൂടെ മേൽവിലാസവും വാക്സിനേഷൻ എടുത്തിട്ടുണ്ടോയെന്നും ലൈസൻസ് ഉണ്ടോയെന്നും അറിയാനാകുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ് 3288/2025
- Log in to post comments