കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി സാധാരണക്കാരന് നൽകും: മന്ത്രി കെ രാജൻ കണ്ണൂർ നിയോജക മണ്ഡലത്തിൽ 146 പട്ടയങ്ങൾ വിതരണം ചെയ്തു
ബോധപൂർവ്വമായ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അത് സാധാരണക്കാരന് നൽകുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കണ്ണൂർ നിയോജക മണ്ഡലം പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടിയേറ്റത്തെയും കയ്യേറ്റത്തെയും സർക്കാർ ഒരുപോലെയല്ല കാണുന്നത്. ഭൂരഹിതരായ മുഴുവൻ പേരെയും ഭൂമിക്ക് അവകാശികൾ ആക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനായി പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി 2.5 ലക്ഷമായി ഉയർത്തും. ഇതുവരെ ഇത് ഒരുലക്ഷമായിരുന്നു. സർക്കാർ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് 409,000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതോടെ ഓരോ കുടുംബങ്ങൾക്കും ഡിജിറ്റൽ റവന്യൂ കാർഡ് ഈ സാമ്പത്തിക വർഷം അവസാനം തന്നെ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ഓരോ ആളുകളുടെയും പേരുള്ള വിശദാംശങ്ങൾ ഡിജിലോക്കറിൽ സൂക്ഷിച്ച് വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂരഹിതർ ഇല്ലാത്ത നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ അതിവേഗം മുന്നോട്ട് പോവുകയാണെന്നും ഈ രംഗത്ത് സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും പട്ടയമേളയിൽ ഓൺലൈനായി പങ്കെടുത്ത രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പട്ടയങ്ങൾ വിതരണം ചെയ്തു. രണ്ട് ലക്ഷംവീട് പട്ടയങ്ങളും 144 എൽ.ടി. പട്ടയങ്ങളുമാണ് കണ്ണൂർ നിയോജക മണ്ഡലം പട്ടയമേളയിൽ വിതരണം ചെയ്തത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അനീഷ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ വി.കെ.സുരേഷ്ബാബു, കണ്ണൂർ എഡിഎം കല ഭാസ്‌ക്കർ, കണ്ണൂർ തഹസിൽദാർ ആഷിക് തോട്ടോൻ, ഭൂരേഖ തഹസിൽദാർ എം.കെ മനോജ് കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ. ടി അജയകുമാർ, സി എം ഗോപിനാഥൻ, പി എസ് ജോസഫ്, രാഗേഷ് മന്ദമ്പേത്ത്, പി സി അശോകൻ, എം ഉണ്ണികൃഷ്ണൻ, കെ പി പ്രശാന്ത് എന്നിവർ സംസാരിച്ചു.
- Log in to post comments