Skip to main content
ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു

ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജലസെന്‍സസ് നടത്തും -മന്ത്രി റോഷി അഗസ്റ്റിന്‍

 

ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജല സെന്‍സസ് നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോര്‍പറേഷന്‍ 52ാം ഡിവിഷനിലെ ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണ ജനങ്ങളില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാക്കുകയെന്ന ദൗത്യത്തിലാണ് സര്‍ക്കാര്‍. ചെറുതും വലുതുമായ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കാനും കിണറിലെയും കുളങ്ങളിലെയും ജലം കൃത്യമായി പരിശോധിക്കാനും ജലസംരക്ഷണ മാര്‍ഗങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

2023-24ലെ ബജറ്റില്‍ ഉള്‍പ്പെട്ട ഇടിയങ്ങര കുളം നവീകരണ പ്രവൃത്തിക്ക് രണ്ട് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നതിലൂടെ പ്രദേശവാസികള്‍ക്ക് ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന കുടിവെള്ള സ്രോതസ്സായി കുളം മാറും. ടൂറിസം മേഖലയിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കും.  
 
ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം ഐ സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ പി മുസാഫര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍ കോയ, എസ് കെ അബൂബക്കര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എച്ച് ഹാബി, എം പി കോയട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date