ഹരിതലക്ഷ്യ പദ്ധതി പരിശീലനം
ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളുടെയും ശാക്തീകരണത്തിന് 'ഹരിതലക്ഷ്യ' നവീന സംരംഭത്തിന് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജൂലൈ 21 ന് രാവിലെ 10 ന് മയ്യനാട് പുല്ലിച്ചിറ ലിറ്റില്‍ ഫ്‌ളവര്‍ ലൈബ്രറിയില്‍ സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ പരിശീലന പരിപാടി ജില്ലാകലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ എ.കെ ഹരി കുമാരന്‍ നായര്‍ അധ്യക്ഷനാകും.
മൈക്രോഗ്രീന്‍ കൃഷിയിലൂടെയുള്ള വരുമാനവും മാനസിക ആരോഗ്യ സംരക്ഷണവും ലക്ഷ്യമിടുന്ന ഈ പദ്ധതി സുസ്ഥിരമായ വരുമാന മാര്‍ഗം സാധ്യമാക്കുന്നതിനൊപ്പം മാനസിക സംതൃപ്തിയും നല്‍കുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹിക നീതി വകുപ്പ്, കൃഷിവിജ്ഞാന കേന്ദ്രം, ആര്‍സെറ്റി, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളി കൃഷ്ണന്‍, കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. ബിനി സാം, വിമലാഹൃദയ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിജി ജോസ്, ആര്‍സെറ്റി ഡയറക്ടര്‍ നിസാറുദ്ധീന്‍, ഇല ഗ്രീന്‍സ് പ്രതിനിധി അമല്‍ മാത്യൂസ്, ജില്ലാ കലക്ടറുടെ ഇന്റേണുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments