വടക്കാഞ്ചേരി മാതൃകാപരമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന നഗരസഭ: മന്ത്രി എം ബി രാജേഷ്
വടക്കാഞ്ചേരി നഗരസഭ മാതൃകാപരമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്തുന്ന നഗരസഭ ആണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല ജനകീയ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരി പോലെ കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാറുന്നതോടെ കേരളം പൂർണ്ണ മാലിന്യമുക്തമാകുമെന്ന് മന്ത്രി പറഞ്ഞു.
സ്വച്ഛ് സർവേഷനിൽ ഉയർന്ന റാങ്ക്, സ്വരാജ് ട്രോഫി അംഗീകാരം, അയ്യങ്കാളി പുരസ്കാരം തുടങ്ങിയ നേട്ടങ്ങൾ നഗരസഭ കുറഞ്ഞ കാലം കൊണ്ട് കൈവരിച്ചു. നഗരസഭയിലെ ജൈവമാലിന്യ സംസ്കരണത്തിനുള്ള ഡീ വാട്ടേട് കമ്പോസ്റ്റിംഗ് സിസ്റ്റവും ബയോ മൈനിങ് പ്രവർത്തനങ്ങളുമെല്ലാം നഗരസഭ മാലിന്യ സംസ്കരണ മേഖലയിൽ നടത്തുന്ന മികച്ച ഇടപെടലാണ്. കൂടാതെ ബോട്ടിൽ ബൂത്തുകൾ, കരിയില കമ്പോസ്റ്റ്, ട്വിൻ ബിന്നുകൾ, കൈമാറ്റകട, മിനി എം സി എഫുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, റിംഗ് കമ്പോസ്റ്റ്, സെൽഫി പോയിന്റുകൾ, വിവിധ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നഗരസഭ നടപ്പിലാക്കി വരുന്നു. നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്ന വടക്കാഞ്ചേരി നഗരസഭയെ ജനകീയ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയായി തിരഞ്ഞെടുത്തതും മറ്റൊരു അർഹതയ്ക്കുള്ള അംഗീകാരം കൂടി ആവുകയാണ്.
- Log in to post comments