ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ പട്ടയമേള 28ന് 145 പട്ടയങ്ങൾ വിതരണം ചെയ്യും
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ പട്ടയമേള ജൂലൈ 28ന് വൈകീട്ട് മൂന്ന് മണിക്ക് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയമേള ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 145 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പുറംപോക്ക് പട്ടയങ്ങള്‍ 60, ദേവസ്വം പട്ടയങ്ങള്‍ 20, ലാന്റ് ട്രിബ്യുണൽ പട്ടയങ്ങള്‍ 65 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അകലാട് മൂന്നയിനിയിലേയും എടക്കഴിയൂര്‍ ഫിഷറീസ് ഉന്നതിയിലെയും നിവാസികളുടെ ദശാബ്ദങ്ങളായുള്ള പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും.
പട്ടയമേളയുടെ സംഘാടനം സംബന്ധിച്ച് എന്‍.കെ അക്ബർ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ചാവക്കാട് നഗരസഭ ചെയര്‍പേഴസണ്‍ ഷീജപ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രന്‍, ജാസ്മിന്‍ ഷഹീര്‍, വിജിത സന്തോഷ്, ചാവക്കാട് തഹസില്‍ദാര്‍ കിഷോര്‍കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments