Skip to main content

വി.എസ്. അച്യുതാനന്ദന്റെ നിര്യാണം: മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.ഐ (എം) നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ച നേതാവായിരുന്നു വി.എസ്.അച്യുതാനന്ദൻ. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ വളർന്ന്, തൊഴിലാളി-കർഷക സമരങ്ങളുടെ മുഖ്യസംഘാടകനായി പിന്നീട് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം നിരവധി തവണ എം.എൽ.എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പലവിധ ചുമതലകൾ വഹിച്ചുകൊണ്ട് ആധുനിക കേരളത്തിന്റെ വളർച്ചയോടൊപ്പം മലയാളി മനസ്സിൽ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമായാണ് വി.എസ്.

പുന്നപ്ര-വയലാറിന്റെ കനലാണ് വി.എസ്.അച്യുതാനന്ദൻ എന്ന വിപ്ലവകാരിയെ ജ്വലിപ്പിച്ചത്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് കേരളജനതയ്ക്ക് ജനനായകനായി മാറിയത്. 1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയപ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒമ്പതു പേരിൽ ഒരാളായിരുന്നു വി.എസ്.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വി.എസ് നിർണായക പങ്ക് വഹിച്ചു. അനീതികൾക്കെതിരെ തലയുയർത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും ആദർശശുദ്ധിയും ജീവിതപാഠമാക്കിയ വി.എസ് എന്ന വിപ്ലവ സൂര്യൻ വിടവാങ്ങുമ്പോൾ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്.

പ്രിയപ്പെട്ട സഖാവ് എന്നതിലുപരി അദ്ദേഹവുമായിണ്ടായിരുന്ന ആത്മബന്ധം എന്നും ഓർമ്മയിൽ സൂക്ഷിക്കും. 1980-ൽ ഞാൻ ആദ്യമായി നിയമസഭാംഗമായ കാലഘട്ടത്തിൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. 2006 മുതൽ 2021 വരെയുള്ള കാലയളവിൽ നിയമസഭാംഗമെന്ന നിലയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പാർട്ടിപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പി.എൻ.എക്സ് 3410/2025

date