Skip to main content
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന അദാലത്ത്.

വനിതാ കമ്മീഷന്‍ അദാലത്ത്; ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി

 വനിതാ കമ്മിഷന്‍ കോട്ടയം ജില്ലാ അദാലത്തില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന അദാലത്തില്‍ ആകെ 75 പരാതികളാണ് പരിഗണനയ്ക്കു വന്നത്. ഒരെണ്ണത്തില്‍ ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് തേടി. 65 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. ഒരു പുതിയ പരാതി പരിഗണിക്കുകയും ചെയ്തു. സ്വകാര്യ കോളേജുകളില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന അധ്യാപകരെ അകാരണമായി പിരിച്ചുവിടുന്ന പ്രവണത കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടു. അനധികൃതമായുള്ള പിരിച്ചുവിടലിനെതിരായി ശക്തമായ നിയമം നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തൊഴിലിടങ്ങളിലുള്ള പീഡനം തടയുന്നതിനുള്ള നിയമമായ പോഷ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ഇന്റെര്‍ണല്‍ കമ്മിറ്റി (ഐ.സി) പരാതികളുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷികള്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ ശരിയായി പാലിക്കുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. പുതിയ ഐ.സി.കള്‍ രൂപീകരിക്കുകയും നിലവിലുള്ള ഐ.സി.കള്‍ ശക്തമായിട്ട് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വസ്തു തര്‍ക്കത്തേചൊല്ലിയുള്ള ഉപദ്രവം,വിവാഹേതര ബന്ധം മുഖാന്തരം അനാഥമാകുന്ന കുട്ടികളുടെ സുരക്ഷിതത്വം എന്നീ വിഷയങ്ങളും കമ്മീഷന്‍ പരിഗണിച്ചു. അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രന്‍, സി.എ. ജോസ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

date