Skip to main content

തോരാമഴയിലും ആവേശം ചോരാതെ ജനപ്രവാഹം; ആലപ്പുഴ കടപ്പുറത്ത് പ്രിയനായകന് യാത്രാമൊഴിയുമായി പതിനായിരങ്ങൾ

ചീറിപ്പായുന്ന തീവണ്ടിയുടെ ചൂളം വിളിക്കും കോരിച്ചൊരിയുന്ന മഴയ്ക്കും മീതെ ഇന്ന് കടപ്പുറത്തെ റിക്രിയേഷൻ മൈതാനിയിൽ മുഴങ്ങിയത് വി.എസിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ. ആലപ്പുഴയുടെ മണ്ണിൽ നിന്ന് വളർന്ന ആ പോരാളിക്ക് ജനിച്ച മണ്ണ് നൽകിയത് വീരോചിതമായ യാത്രയയപ്പ്. തോരാമഴയത്തും ആവേശം ചോരാതെ ജനം ഒഴുകിയെത്തിയപ്പോൾ സമര സ്മരണകളുടെ കടലിരമ്പി ആലപ്പുഴ കടപ്പുറം. 

അധ്വാനിക്കുന്നവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സമരപഥങ്ങളിൽ നൂറ്റാണ്ടോളം തോളുരുമ്മി നിന്ന് നെടുനായകത്വം വഹിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ആലപ്പുഴ കടപ്പുറത്തേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. 

 

വൈകിട്ട് ആറ് മണിയോടെയാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെത്തിയത്. തുടർന്ന് 

പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് നാല് വരിയായി പൊതുദർശനത്തിന് സൗകര്യമൊരുക്കി. എട്ട് മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വി എസിനെ ഒരു നോക്ക് കാണാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയവർ മുദ്രാവാക്യങ്ങളോടെ വി എസിന് യാത്രാമൊഴി നൽകി.

 

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻ കുട്ടി,വീണ ജോർജ്, വി എൻ വാസവൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, പി രാജീവ്, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി കെ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, എം എൽ എ മാരായ എം വി ഗോവിന്ദൻ, പി പി ചിത്തരഞ്ജൻ,എച്ച് സലാം, എം എസ് അരുൺ കുമാർ, യു പ്രതിഭ, ദലീമ ജോജോ, സി.കെ.ആശ, വി.കെ പ്രശാന്ത്, ജി സ്റ്റീഫൻ, ചാണ്ടി ഉമ്മൻ, കെ കെ രമ, മാത്യു ടി തോമസ്, മുൻ മന്ത്രിമാരായ എം എ ബേബി, തോമസ് ഐസക്, പി കെ ശ്രീമതി, ഇ പി ജയരാജൻ, ജെ മെഴ്സികുട്ടിയമ്മ, നാലകത്ത് സൂപ്പി, ഇളമരം കരീം, മോൻസ് ജോസഫ്, മുൻ എം പിമാരായ എ എം ആരിഫ്, എ വിജയരാഘവൻ, സി എസ് സുജാത, പി കെ ബിജു, എസ് രാമചന്ദ്രൻ പിള്ള, മുൻ എം എൽ എ മാരായ ടി വി രാജേഷ്, എ വി താമരാക്ഷൻ, വി ദിനകരൻ, എം വി ജയരാജൻ, ഗീതാഗോപി, പി ജയരാജൻ, മുൻ ഡിജിപി ഋഷിരാജ് സിംഗ്, സാമൂഹ്യ പ്രവർത്തക കെ അജിത, സംവിധായകൻ വിനയൻ, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, ഐഎൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ, നഗരസഭ ചെയർപെഴ്സൺ കെകെ ജയമ്മ , മറ്റ് ജനപ്രതിധികൾ , രാഷ്ട്രീയ, സാമൂഹിക, സാമുദായിക, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിനായി പ്രത്യേകം സജ്ജമാക്കിയ പന്തലിന് പുറത്ത് അതിരാവിലെ തന്നെ ജനങ്ങളുടെ നീണ്ട നിരയെത്തിയിരുന്നു. മണിക്കൂറുകളോളം കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് കാത്തിരുന്നാണ് മുൻ മുഖ്യമന്ത്രിയും പ്രിയ നായകനുമായ വി എസിനെ അവസാനമായി ഒരു നോക്കുകാണാൻ പതിനായിരങ്ങളെത്തിയത്. 2000 പേർക്കിരിക്കാവുന്ന ജർമ്മൻ ഹംഗറിലുള്ള പന്തലും വിപുലമായ പൊതുദർശന സജ്ജീകരണങ്ങളും ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.  

എ ഡി എം ആശ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അന്ത്യോപചാര ചടങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

date