Skip to main content

കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

 ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍  കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്റെ വാണിജ്യ വ്യവസായ രംഗങ്ങളിലും  പുത്തനുണര്‍വ് പ്രകടമാകും. 2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷ ഏരിയ ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടര്‍ന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ അതിവേഗം മുന്നോട്ടുപോയി. പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എട്ട് മാസങ്ങള്‍ കൊണ്ടാണ് ഭൂമി ഏറ്റെടുത്ത് ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറിയത്. ഇത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ പാക്കേജാണ് കരിപ്പൂരില്‍ നടപ്പാക്കിയത്. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ നില നിര്‍ത്താനും സര്‍ക്കാറിന് സാധിച്ചു. വിമാനത്താവള വികസനത്തിനായി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി    12.48 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നല്‍കിയത്. 76 കുടുംബങ്ങള്‍ക്കായി 72.85 കോടി രൂപ.നഷ്ടപരിഹാരമായി നല്‍കി. 76 ഭൂവുടമസ്ഥരില്‍ 28 പേര്‍ക്ക് ഭൂമിയും 11 പേര്‍ക്ക് മറ്റു നിര്‍മ്മിതികളും 32 കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പെടെയുള്ള വസ്തുക്കളും 5 പേര്‍ക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപ്പെടുന്നുണ്ട്. അത്തരത്തിലുള്ള 52 കുടുംബങ്ങള്‍ക്ക് 3.56 കോടി രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു.

date