Skip to main content

'ചങ്ങാതിക്കൊരു തൈ' വിതരണവുമായി നെന്മാറ ഗവ. എല്‍.പി. സ്‌കൂള്‍

നെന്മാറ ഗവ. എല്‍.പി സ്‌കൂളില്‍ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ 'ചങ്ങാതിക്കൊരു തൈ' വിതരണം ചെയ്തു. ദേശീയ അധ്യപക അവാര്‍ഡ് ജേതാവും ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണുമായ എ. ഹാറൂണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ കൈമാറലിന്റെ തുടക്കവും വിശദീകരണവും നവകേരളം കര്‍മ്മപദ്ധതി റിസോഴ്സ് പേഴ്സണ്‍  എസ്.വി. പ്രേംദാസ് നിര്‍വ്വഹിച്ചു.

വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പേര, ഞാവല്‍, നാട്ടുമാവ്, പ്ലാവ്, മുരിങ്ങ, നാരകം, നെല്ലി തുടങ്ങിയ തൈകളാണ് ചങ്ങാതികള്‍ക്കായി വിതരണം ചെയ്തത്. കൃത്യമായി പരിപാലിക്കുമെന്നും ചങ്ങാതിമാരുടെ ഓര്‍മ്മയ്ക്കായി അവ നിലനിര്‍ത്തുമെന്നും കുട്ടികള്‍ ഉറപ്പു നല്‍കി. 281 വിദ്യാര്‍ഥികളുള്ള നെന്മാറ ഗവ. എല്‍.പി.സ്‌ക്കൂളിലെ നാലാം ക്ലാസിലെ 68 വിദ്യാര്‍ഥികളാണ് തൈകള്‍ കൈമാറിയത്.

പ്രധാനഅധ്യാപക എസ്. പ്രജിത അധ്യക്ഷയായി. അധ്യാപക ആര്‍. ഉത്തര കുമാരി, ശുചിത്വ -പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ കെ.ജി രശ്മി, സ്റ്റാഫ് സെക്രട്ടറി വി. ഇന്ദു, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date