*ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാർഥ്യമായി*
*വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും നിർവഹിച്ചു*
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പൂർണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജൻ. കളക്ടറേറ്റ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായ ചടങ്ങിൽ ആറു കുടുംബങ്ങൾക്ക് സ്മാർട്ട് കാർഡും 10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും നൽകിയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എംബി, സിഎംഎ കോഴ്സുകളില്‍ പഠിക്കുന്ന 10 വിദ്യാർത്ഥികള്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ലാപ്ടോപ്പ് നല്‍കിയത്. ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ്പ് വിതരണത്തിൽ 10 ലാപ്ടോപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയന് തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തിരുന്നു. ബാക്കി 230 വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട 322 പേർക്കുള്ള സ്മാർട്ട് കാർഡാണ് ജില്ലാ ഭരണകൂടം ആദ്യഘട്ടത്തിൽ തയ്യാറാക്കിയത്. കാർഡുകൾ ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മുഖേന അവരവരുടെ വീടുകളിൽ എത്തിക്കും. ഭാവിയിൽ വിവിധ ആവശ്യങ്ങളുമായി ദുരന്തബാധിതർ ചെല്ലുമ്പോൾ അവരെ തിരിച്ചറിയാനും ആവശ്യമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സ്മാർട്ട് കാർഡ് പ്രയോജനപ്പെടും. സ്മാർട്ട് കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാവുന്നതാണ്. ഫോൺ: 8078409770.പരിപാടിയിൽ ജില്ലാ ഭരണകൂടം തയ്യാറാക്കിയ, വിവിധ വകുപ്പുകൾ ദുരന്ത ദിവസം മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കോഫി ടേബിൾ ബുക്ക്, വീഡിയോ ഡോക്യുമെന്ററി എന്നിവ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ ജെ അരുൺ, കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, കെഎസ്ഡിഎംഎ അംഗം ഡോ. ജോയ് ഇളമൺ എന്നിവർ പങ്കെടുത്തു.
- Log in to post comments