കൃഷിക്ക് ഒപ്പം കളമശ്ശേരി നാടിന്റെ പൊതുവികാരമായി മാറി - മന്ത്രി പി രാജീവ്
കാർഷിക മാമാങ്കത്തിന് വർണാഭ തുടക്കം
കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി മണ്ഡലത്തിൽ കാർഷിക മേഖലയിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും കൃഷിക്ക് ഒപ്പം കളമശ്ശേരി ജനങ്ങളുടെ ആകെ വികാരമായി മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് . കളമശ്ശേരി കാർഷികോത്സവത്തിന്റെ മൂന്നാം പതിപ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
തരിശായി കിടന്ന ആയിരം ഏക്കറിൽ നെൽകൃഷിയും ആയിരത്തി ഇരുന്നൂറിലധികം ഏക്കറിൽ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാൻ സാധിച്ചു. മണ്ഡലത്തിൽ പരിചിതമല്ലാതിരുന്ന കൂവ, കൂൺ തുടങ്ങി വിവിധ തരം കാർഷിക ഇനങ്ങൾ നിരത്തിലേക്ക് ഇറക്കാൻ സാധിച്ചു.എല്ലാ വകുപ്പുകളുടെ ഏകോപനവും സഹകരണവുമാണ് കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ വിജയമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങൾ കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ കടന്ന് പദ്ധതിക്കായി പ്രവർത്തിച്ചു.കൃഷിക്ക് ആവശ്യമായ ജലസേചന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. കൃഷി സുഗമമാക്കുന്നതിന് തോടുകളിലെ നീരൊഴുക്ക് വീണ്ടെടുക്കാൻ ബജറ്റ് പ്രകാരം നിർദേശിച്ച 10 കോടി രൂപയാണ് 3 പഞ്ചായത്തുകളിലായി ചിലവഴിച്ചത്.കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയാർ വ്യവസായ മേഖലയിൽ കൃഷി വീണ്ടെടുക്കുന്നതിനായി നാലര കോടിയോളം രൂപയാണ് ചിലവഴിച്ചത്.കർഷകരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കണമെങ്കിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിരത്തിൽ ഇറങ്ങണം.മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിരത്തിൽ ഇറക്കുന്നതിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്.അതിന്റെ ഭാഗമായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന 17 സഹകരണ ബാങ്കും നന്നായി പ്രവർത്തിച്ചുവെന്നുംമന്ത്രി കൂട്ടിച്ചർത്തൂ .
മണ്ഡലത്തിൽ പരിചിതമല്ലാതിരുന്ന കൂണിന്റേയം കൂവയുടെയും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിരത്തിൽ ഇറക്കിയ മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെയം വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെയും പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ് .കർഷക ഗ്രാമമായ കുന്നുകരയിൽ കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആധുനിക കൃഷി രീതികൾ ഉപയോഗിച്ച് കപ്പ,കായ എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും ആലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആലങ്ങാടൻ ശർക്കരയും നിരത്തിൽ ഇറക്കി.പദ്ധതിയുടെ ഭാഗമായി കൃഷിയുടെ സന്ദേശം, മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു .
എല്ലാ മേഖലയിലെയും സമഗ്ര വികസനമാണ് നാല് വർഷകാലമായി മണ്ഡലത്തിന്റെ ടാഗ് ലൈൻ ആയ ഒപ്പം എന്ന വാക്കിലൂടെ പ്രതിഫലിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഒപ്പം വഴി നടപ്പിലാക്കി വരുന്നത് .
ഒപ്പം മെഡിക്കൽ ക്യാമ്പിലൂടെ കാൽ ലക്ഷം വരുന്ന ആളുകൾക്കാണ് ആശ്വാസമേകാൻ സാധിച്ചത് .2500 ഓളം ആളുകൾക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും, അതിന്റെ ഭാഗമായി കണ്ണടകളും 100 ലധികം ആളുകൾക്ക് ശ്രവണ സഹായികളും, മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ,പ്ലാസ്റ്റിക് സർജറി, എം ആർ ഐ എന്നിവ ക്യാമ്പിന്റെ ഭാഗമായി നൽകാൻ കഴിഞ്ഞു .
വിദ്യാർത്ഥികൾക്ക് ഒപ്പം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ എൽ പി , യു പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പോഷക സമൃദ്ധം പദ്ധതി നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഈ വർഷം മുതൽ മണ്ഡലത്തിലെ 41 സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി 3 കോടി രൂപ ചിലവഴിച്ച് സ്കൂളുകളിൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചുവെന്നും മന്ത്രി സൂചിപ്പിച്ചു.
- Log in to post comments