Skip to main content

ഹരിത മനോഹരം വ്യവസായ ജില്ല* *എറണാകുളം ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 24. 8 ഏക്കറിലായി 148 പച്ചത്തുരുത്തുകൾ

പച്ചത്തുരുത്തുകളിലൂടെ ചെറിയ വനങ്ങള്‍ സ്യഷ്ടിച്ച് വ്യവസായ ജില്ലയുടെ ഹൃദയത്തിൽ പച്ചപ്പിന്റെ വശ്യ സൗന്ദര്യം കോറിയിടുകയാണ് ഹരിത കേരള മിഷന്‍. എറണാകുളം ജില്ലയിലെ തിരക്കേറിയ ഭാഗങ്ങളിൽ പോലും കാടിന്റെ മനോഹാരിതയെ ഓര്‍മിപ്പിക്കും വിധം പച്ചത്തുരുത്തുകള്‍ പടര്‍ന്നു കഴിഞ്ഞു. മാലിന്യ സംസ്‌കരണം, ജല സംരക്ഷണം, കൃഷി എന്നീ മൂന്നു മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന തീര്‍ത്തും നവീനമായ ഒരു കാഴ്ചപ്പാടാണ് പച്ചത്തുരുത്തുകള്‍. ഹരിതകേരളം മിഷന്‍ ഏറ്റെടുത്തിട്ടുള്ള നവീനമായ ഈ പദ്ധതിയിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പുത്തന്‍ പാഠങ്ങളാണ് പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. 

 

നിലവില്‍ സംസ്ഥാനത്ത് 1141.71 ഏക്കറിലായി 3302 പച്ചത്തുരുത്തുകളും ജില്ലയില്‍ 24.8 ഏക്കറിലായി 148 പച്ചത്തുരുത്തുകളും നിര്‍മ്മിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആയി 4.18 ഏക്കറിലായി 32 പച്ചത്തുരുത്തുകള്‍ തയ്യാറാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്.

 

തരിശായ പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്തുകൊണ്ടാണ് ഓരോ സ്ഥലവും മാനോഹരമാക്കുന്നത്. '

നഗരവല്‍ക്കരണവു ആഗോളതാപനവും ഭൂമിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ പച്ചത്തുരുത്തുകളുടെ പ്രസക്തി വളരെ വലുതാണ്. 

 

വിദേശ സസ്യങ്ങള്‍, അധിനിവേശ സസ്യങ്ങള്‍ എന്നിവ ഒഴിവാക്കിപ്ലാവ്, ഈട്ടി, വേങ്ങ, ആഞ്ഞിലി, മാവ്, കുടംപുളി തുടങ്ങി ഫല വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ചെറുസസ്യങ്ങൾക്കും ആണ് പച്ചത്തുരുത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. 

 

പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവ വൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. തൈകള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികളാണ് നല്‍കുന്നത്.

 

സാധാരണ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങളില്‍ തുടര്‍പരിപാലനം ഉറപ്പാക്കാനാകാത്തതിനാല്‍ പലപ്പോഴും അവയുടെ അവസ്ഥ വിലയിരുത്താന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ വൃക്ഷ വല്‍ക്കരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സഹായിക്കുന്നതിനും കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തു ന്നതിനുമാണ് കേന്ദ്രീകൃത വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനമായ പച്ചത്തുരുത്ത് ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

 

ഹരിത കേരള മിഷന്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന മറ്റൊരു വേറിട്ട ആശയമാണ് ഒരു കോടി വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യത്തോട് കൂടി പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതല്‍ നടത്തി വരുന്ന ഒരു തൈ നടാം വൃക്ഷവത്കരണ കാമ്പയിന്‍. കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഒരു കോടി വൃക്ഷ തൈകളും ജില്ലയില്‍ 592050 ലക്ഷം തൈകളും കൈമാറ്റം നടത്താനാണ് ഹരിത കേരള മിഷന്‍ ലക്ഷ്യമിടുന്നത്. ഇതുവരെ ജില്ലയില്‍ 413327 തൈകളാണ് കൈമാറ്റം ചെയ്തിട്ടുള്ളത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 കുടുംബശ്രീ പദ്ധതിയായ തണൽ ഒരുക്കം, സ്കൂൾ വിദ്യാർത്ഥികളുടെ ചങ്ങാതിക്ക് ഒരു തൈ എന്നീ ക്യാമ്പയിനിലൂടെയാണ് കൂടുതൽ തൈകൾ കൈമാറാൻ സാധിച്ചത്.

 

ജലമാണ് ജീവൻ..... 

 

സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ തീവ്ര കര്‍മപരിപാടിയും വളരെ പ്രാധാന്യത്തോടെയാണ് ജില്ലയില്‍ നടപ്പിലാക്കി വരുന്നത്.

 ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചാണ് കര്‍മപരിപാടി സംഘടിപ്പിക്കുന്നത്. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെ എല്ലാം ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ജലമാണ് ജീവന്‍ കാമ്പയിന്‍ നടപ്പാക്കുന്നത്. ആഗസ്റ്റ് 30,31 തീയതികളിൽ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 

 

അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നത്. പൈപ്പ് വെള്ളം ഉപയോഗിക്കുന്നവര്‍ അത് സംഭരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പൊതു കിണറുകളും ഇതിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്യും.കിണറുകളില്‍ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷന്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍/ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. അതത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ ഉപദേശം നല്‍കും. ക്ലോറിനേഷന്‍ നടന്നത് സംബന്ധിച്ച് വിശദമായ കണക്കെടുപ്പും നടത്തും.

 

ഇത്തരത്തില്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നിരവധിയായ കര്‍മ്മപരിപാടികളാണ് ജില്ലയില്‍ ഉടനീളവും സംസ്ഥാന തലത്തിലും നടന്നുകൊണ്ടിരിക്കുന്നത്.

 

date