Skip to main content

*മാനവിക മൂല്യങ്ങളാൽ വ്യത്യസ്തമായ കലോത്സവം : മന്ത്രി വി ശിവൻകുട്ടി*

ഈ കലോത്സവത്തിന് ചരിത്രത്തിൽ ആദ്യമായി ഒരു കലോത്സവ വേദി ഒരു കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് എത്തിയിരിക്കുന്നു എന്ന സവിശേഷതയുണ്ട്. മാരകമായ രോഗാവസ്ഥയിലായതുകൊണ്ട് വേദിയിലെത്താൻ കഴിയാതിരുന്ന സിയ ഫാത്തിമയ്ക്ക് വേണ്ടി അവളുടെ വീട് തന്നെ വേദിയായതായി പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതുപോലെ പ്രതികൂല സാഹചര്യങ്ങളോട് പോരാടിയ പ്രതിഭ സച്ചുവിനോടുള്ള ആദരവായി സുരക്ഷിതമായ വീട് സർക്കാർ നിർമ്മിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു.

കലയെ ഗൗരവമായി കാണുന്ന കുട്ടികൾക്കായി ആർട്സ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കാൻ സ്കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. കലയും കായികവും പഠിപ്പിക്കുന്ന അധ്യാപകർക്ക് ജോലി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.

അടുത്ത അധ്യയന വർഷം മുതൽ കുട്ടികൾക്ക് പരിശീലനത്തിന് കൂടുതൽ സമയം നൽകുന്നതിനായി അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ സ്‌കൂൾ തലം മുതൽ സംസ്ഥാനതല കലോത്സവം വരെയുള്ള കലോത്സവങ്ങളുടെ കൃത്യമായ ഷെഡ്യൂൾ പ്രഖ്യാപിക്കും. സ്കൂൾ തലത്തിലുള്ള മത്സരങ്ങളിൽ പലപ്പോഴും പരാതികൾ ഉയരുന്നതൊഴിവാക്കാൻ സ്‌കൂൾ മത്സരങ്ങളിൽ പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. കലോത്സവ വിജയികൾക്കുള്ള ഗ്രേസ് മാർക്ക് സമ്പ്രദായം കൂടുതൽ ശാസ്ത്രീയവും നീതിയുക്തവുമാക്കാൻ വിദഗ്ധരുമായി ആലോചിച്ച് മാറ്റങ്ങൾ വരുത്തും. സ്കൂൾ ഒളിമ്പിക്സ് നടത്തിയ മാതൃകയിൽ വരും വർഷങ്ങളിൽ കലോത്സവവും ഇൻക്ലൂസീവ് ഫെസ്റ്റിവൽ ആയി മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കും.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ കലോത്സവ നഗരിയിൽ എത്തിച്ചേർന്നത് മത്സരാർത്ഥികളായ ഓരോ കുട്ടിക്കും ലഭിച്ച വലിയ പുരസ്കാരമാണ്. കലയുടെ ഈ മഹാമാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ അതിന് സാക്ഷിയാകാൻ അഭിനയകലയുടെ കുലപതി തന്നെ എത്തിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

date