Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം ജില്ലാ സിറ്റിങ് തിരൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ അംഗം പി. റോസ ഹര്‍ജികള്‍ പരിഗണിച്ചു. വളവന്നൂര്‍ സ്വദേശി പുതൂളി വീട്ടില്‍ സുലൈഖയുടെ കേസ് തീര്‍പ്പാക്കി. മാതാവിന്റെ പേരിലുള്ള സ്ഥലത്തില്‍ തനിക്ക് അവകാശം ലഭ്യമാകുന്നില്ലെന്ന് പറഞ്ഞ് സുലൈഖ നല്‍കിയ പരാതിയില്‍ സഹോദരങ്ങളോട് തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ സിറ്റിങില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സഹോദരങ്ങള്‍ സ്ഥലം വിഹിതം വെക്കാമെന്നു രേഖാമൂലം ഒപ്പിട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് കമ്മീഷനെ അറിയിക്കണം എന്ന് തീരുമാനിച്ച് കേസ് തീര്‍പ്പാക്കി.

കുറുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോഡൂര്‍ സ്വദേശി സല്‍മ തസ്‌നി 2018 ല്‍ തന്റെ വീടിന് വേണ്ടി നല്‍കിയ അപേക്ഷ പരിഗണിക്കാതെ വീടിന് നമ്പര്‍ നല്‍കിയില്ല എന്ന പരാതിയില്‍ പഞ്ചായത്തില്‍ പരാതി കാണുന്നില്ലാത്ത സാഹചര്യത്തില്‍ കെ-സ്മാര്‍ട്ട് വഴി വീണ്ടും അപേക്ഷ നല്‍കി അത് പഞ്ചായത്ത് അംഗീകരിച്ചു. ഇനി നമ്പറിനുള്ള അപേക്ഷ നല്‍കിയാല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു നമ്പര്‍ നല്‍കുമെന്ന്  സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ  കേസും കോഡൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് നല്‍കിയ സമാനമായ കേസും തീര്‍പ്പാക്കി.

പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ 2021-23 എം.എസ്.ഡബ്ലിയു. ബാച്ച് വിദ്യാര്‍ഥിനി ഹസ്ന ഫബിന്‍ നല്‍കിയ സ്‌കോളര്‍ഷിപ്പ് തുക ലഭ്യമാക്കുന്നതിനുള്ള പരാതിയും കമ്മീഷന് ലഭിച്ചു.

സിറ്റിങില്‍ പരിഗണിച്ച നാല് പരാതികളില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്സ്ആപ്പ് നമ്പറിലോ kscminorities@gmail.com ലോ നേരിട്ടോ കമീഷന് പരാതികള്‍ നല്‍കാം. ജൂനിയര്‍ അസിസ്റ്റന്റ് ആര്‍.സി. രാഖിയും സിറ്റിങില്‍ പങ്കെടുത്തു.

date