*മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കെ. രാജന്‍ വിലയിരുത്തി ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍*
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയാവും വീടുകള്‍ കൈമാറുക.
കര്‍ണ്ണാടക സര്‍ക്കാര്‍ വീട് നിര്‍മ്മാണത്തിനായി നല്‍കിയത് 10 കോടി രൂപയാണ്. വീട് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാറിന് നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കടം എഴുതിത്തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന സെക്ഷന്‍ 13 എടുത്ത് കളഞ്ഞ് ദുരന്തബാധിതരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കി ദുരന്ത ബാധിതരെ സഹായിക്കുന്നുണ്ട്. വാടക കൃത്യമായി നല്‍കാനും ജീവനോപാധി നല്‍കാനും സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു ദുരന്തബാധിതരേയും ഇതു പോലെ ഒരു സര്‍ക്കാരും ചേര്‍ത്ത് നിര്‍ത്തിയിട്ടില്ല. ഇതെല്ലാം വിസ്മരിച്ചാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
- Log in to post comments