കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിലും ഉയർന്ന ബജറ്റ് വിഹിതത്തിലും അത്ഭുതം പ്രകടിപ്പിച്ചു ഝാർഖണ്ഡ് സംഘം
-----ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ പഠിക്കുവാൻ ഝാർഖണ്ഡ് സംഘം എത്തി
ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനരീതികളെ പറ്റി പഠിക്കുവാൻ 17 അംഗ ഝാർഖണ്ഡ് സംഘം ജില്ലയിൽ എത്തി. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിലും ഉയർന്ന ബജറ്റ് വിഹിതത്തിലും ഝാർഖണ്ഡ് സംഘം അത്ഭുതം പ്രകടിപ്പിച്ചു.
റാഞ്ചി ജില്ലാ പഞ്ചായത്തിലെ എട്ട് അംഗങ്ങളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരും നാല് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കിലയുടെ നേതൃത്വത്തിൽ എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രനും സ്ഥിരം സമിതി അധ്യക്ഷൻമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെയും പദ്ധതികളെയും സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. ഫണ്ട് അനുവദിക്കുന്നതിനും ചെലവഴിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ, സ്ഥിരം സമിതിയുടെ പ്രവർത്തന രീതികൾ, വരുമാന സ്രോതസ്സുകൾ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തന രീതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ
സ്ത്രീ സംവരണം, ജില്ലയുടെ പ്രത്യേകതകൾ എന്നിവയെല്ലാം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ പി പി റ്റി അവതരണവും സംഘാംഗങ്ങൾക്കായി നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. രാധാകൃഷ്ണൻ, ഡി. ആംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, കില കൺസൾട്ടൻ്റ് പി വി രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments