Skip to main content

മക്കൾക്കൊപ്പം മത്സരിച്ച് രക്ഷിതാക്കൾ; ആവേശം പകർന്ന് ആരോഗ്യ പ്രശ്നോത്തരി

ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി യു.പി. വിഭാഗം വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും 'അറിവ് നിറവ് ആരോഗ്യം ആനന്ദം' ആരോഗ്യ വായനാപ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിൽ മക്കളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായത് വേറിട്ട അനുഭവമായി. 

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഷിപ്പേനയിലേയ്ക്ക് മടങ്ങാം എന്ന പുസ്തകത്തിലെ ആരോഗ്യ ലേഖനങ്ങളെയും പകർച്ചവ്യാധി പ്രതിരോധത്തെയും ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. 

മത്സരത്തിൽ കടക്കരപ്പള്ളി ഗവ. യുപി സ്കൂളിലെ എസ് ശരവണും അമ്മ എ ഇന്ദുകലയും ഒന്നാം സ്ഥാനം നേടി. അമ്പലപ്പുഴ ശ്രീ സായ് പബ്ലിക് സ്കൂളിലെ എം ശ്രീലക്ഷ്മി, അച്ഛൻ കെ മനോജ് കുമാർ എന്നിവർ രണ്ടാം സ്ഥാനവും നീർക്കുന്നം ഗവ. എസ്ഡിവി യുപി സ്കൂളിലെ ആർ നിവേദിത, അച്ഛൻ എസ് രഞ്ജിത്ത് എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ഒന്നു മുതൽ മൂന്നുവരെ സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതമാണ് സമ്മാനം ലഭിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 22 കുട്ടികൾ രക്ഷിതാക്കളോടൊപ്പം മത്സരത്തിൽ പങ്കെടുത്തു. 

ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥ് മത്സരത്തിന് നേതൃത്വം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് രഞ്ജിത്ത്, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ ചിത്ര തുടങ്ങിയവർ പങ്കെടുത്തു. 

date