സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം പഠനപരിപാടി: വരുംദിവസങ്ങളിൽ ഗൃഹസന്ദർശനത്തിന് ജില്ലയിൽ പ്രത്യേക കാമ്പയിൻ
സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമ പഠന പരിപാടിയായ നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ(എൻസിആർപി) ഭാഗമായ ഗൃഹസന്ദർശനവും കർമ്മസേന അംഗങ്ങളുടെ പരിശീലനവും ഊർജിതമാക്കാൻ വരുംദിവസങ്ങളിൽ ജില്ലയിൽ പ്രത്യേക കാമ്പയിൻ കാമ്പയിൻ നടത്താൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദേശിച്ചു. എൻസിആർപി പഠനപരിപാടിയുടെ ജില്ലയിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ജില്ലാതല, അസംബ്ലിതല നിർവാഹക സമിതി അംഗങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാതല നിർവാഹക സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ.
നവകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ/ വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം-വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ.
പരിപാടിയുടെ ഇതുവരെയുള്ള ജില്ലയിലെ പുരോഗതി യോഗം വിലയിരുത്തി. നിലവിൽ രണ്ടായിരത്തോളം കർമ്മസേന അംഗങ്ങൾ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി ഭവനസന്ദർശനം നടത്തുന്നുണ്ട്. കർമ്മസേന അംഗങ്ങൾക്കുള്ള പരിശീലനവും വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്. ഭവനസന്ദർശനം സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമസഭ മണ്ഡലങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ചുമതലയുള്ളവർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഗൃഹസന്ദർശന ശേഷം വിവരങ്ങൾ അപ് ലോഡ് ചെയ്യേണ്ട ആപ്പുമായും ഡാഷ് ബോർഡുമായും ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ അതിവേഗത്തിൽ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും വരുന്ന ആറ് ദിവസം പഞ്ചായത്ത് തലത്തിൽ ഗൃഹസന്ദർശനങ്ങൾ ഊർജിതമാക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ ജില്ലാതല നിർവാഹക സമിതി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ എസ് സുമേഷ്, ജില്ലാതല നിർവാഹക സമിതി അംഗങ്ങളായ ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സ്കറിയ, കെ എസ് രാജേഷ്, ഇ രാജായി, ജെ ജയലാല്‍, പി ജയരാജ്, എസ് രഞ്ജിത്ത്, അസംബ്ലിതല ചാർജ് ഓഫീസർമാർ, നിർവാഹക സമിതി അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments