റിപ്പബ്ലിക് ദിനാഘോഷം: കോട്ടമൈതാനിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തും
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ചടങ്ങുകൾ ജനുവരി 26ന് പാലക്കാട് കോട്ടമൈതാനിയിൽ നടക്കും. രാവിലെ ഒമ്പതു മണിക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തും. പരേഡില്‍ പൊലീസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും വിവിധ പ്ലറ്റൂണുകള്‍ അണിനിരക്കും.
പരേഡിനായി വിപുലമായ ക്രമീകരണങ്ങളാണ് കോട്ടമൈതാനിയിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.45ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. 8.50ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാറും 8.53ന് ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസും മൈതാനിയിലെത്തും. 8.58ന് മൈതാനിയിലെത്തുന്ന മുഖ്യാതിഥി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് സ്വീകരിക്കും.
9 മണിക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പതാക ഉയർത്തലിന് ശേഷം മന്ത്രി പരേഡ് പരിശോധിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്യും. വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും റിപ്പബ്ലിക് ദിനാഘോഷത്തിന് മാറ്റുകൂട്ടും.
- Log in to post comments