Skip to main content

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥ ആരോഗ്യസ്ഥാപനങ്ങള്‍ പാലിക്കണം: ജില്ലാ കലക്ടര്‍

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് വ്യവസ്ഥ ആരോഗ്യസ്ഥാപനങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും അവരവരുടെ ശേഷിക്കനുസരിച്ച് അത്യാഹിതം സംഭവിച്ചുവരുന്ന രോഗികളെ ചികിത്സിക്കണം. കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു സ്ഥാപനത്തില്‍ ചികിത്സ നല്‍കണമെങ്കില്‍ അതിനാവശ്യമായ യാത്രാസൗകര്യം ഒരുക്കണം. അവിടെ ചികിത്സക്ക് ആവശ്യമായ വിവരം കൈമാറണം. രോഗി മുന്‍കൂര്‍ തുക അടച്ചില്ല, ഏതെങ്കിലും രേഖ കൈവശമില്ല എന്ന കാരണങ്ങളാല്‍ രോഗിക്ക് അടിയന്തിര ചികിത്സ നിഷേധിക്കരുത്. ചികിത്സ സംബന്ധമായ എല്ലാ രേഖകളും പരിശോധന റിപ്പോര്‍ട്ടുകളും രോഗിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കൈമാറണം.

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം

2018 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും, നിയന്ത്രണവും) നിയമ പ്രകാരം രജിസ്ട്രേഷന്‍ ഇല്ലാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള പിഴ ശിക്ഷ ലഭിക്കും.
ആശുപത്രികള്‍, ലബോറട്ടറികള്‍, ദന്തചികിത്സാകേന്ദ്രങ്ങള്‍, ആയുഷ് ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിര്‍ണയം അല്ലെങ്കില്‍ പരിചരണം നല്‍കുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാര ക്ലിനിക്കല്‍ സ്ഥാപനങ്ങളാണ്.

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ അവയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
പൊതുജനങ്ങള്‍ വ്യക്തമായി കാണുന്ന തരത്തില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. നല്‍കുന്ന സേവനങ്ങള്‍ക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും പരാതി പരിഹാര ഓഫീസറുടെ ഇ-മെയില്‍ വിലാസം, പേര്, ഫോണ്‍നമ്പര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടാനുള്ള സംവിധാനം, ഫോണ്‍ നമ്പറുകള്‍ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷന്‍ ഡസ്‌കില്‍/റിസപ്ഷന്‍ സ്ഥലത്തും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം.
ചികിത്സ, പരിശോധന, മറ്റു സേവനങ്ങള്‍ (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്/ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌കാനിംഗ്, ലബോറട്ടറി സൗകര്യം, ആംബുലന്‍സ് സൗകര്യം, എമര്‍ജന്‍സി കെയര്‍) തുടങ്ങിയവ ഇനം തിരിച്ച് ലഭ്യമാക്കും എന്നും രഹസ്യാത്മകത, വിവേചന രാഹിത്യം, 72 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ രേഖ ലഭ്യമാക്കും എന്നും ഉറപ്പു നല്‍കണം.

ലഘുലേഖ

അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്നും സ്ഥാപനത്തില്‍ ലഭ്യമായ സേവനത്തെ സംബന്ധിച്ചും അടിസ്ഥാന നിരക്കുകളും പാക്കേജ് നിരക്കുകളും അവയില്‍ ഉള്‍പ്പെട്ട് വരുന്ന സേവനം എന്തല്ലാമെന്നും മുന്‍കൂര്‍ ഡെപ്പോസിറ്റും തുക തിരികെ നല്‍കുന്നത് സംബന്ധിച്ച സ്ഥാപനത്തിന്റെ നയം, ഇന്‍ഷൂറന്‍സ്, ക്യാഷ്ലെസ് ചികിത്സ, ക്ലെയിം തീര്‍പ്പാക്കലിന്റെ നടപടിക്രം, എസ്റ്റിമേറ്റ്, ബില്ലിംഗ് നയം, ഡിസ്ചാര്‍ജ് നടപടിക്രമം, ആംബുലന്‍സിന്റേയും മറ്റു എമര്‍ജന്‍സി യാത്രാസൗകര്യങ്ങളുടേയും നിരക്കുകള്‍ 24 മണിക്കൂര്‍ എമര്‍ജന്‍സി കെയര്‍ പ്രോട്ടോക്കോള്‍, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങളെല്ലാം  ലഘുലേഖ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തണം. ആവശ്യപ്പെട്ടാല്‍ ലഘുലേഖ രോഗിക്ക് നല്‍കണം.

പരാതി പരിഹാര സംവിധാനം

എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡെസ്‌ക്/ഹെല്‍പ്പ് ലൈന്‍ ഉണ്ടാകണം. എല്ലാ പരാതികള്‍ക്കും തനതായ റഫറന്‍സ് നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. എസ്.എം.എസ്, വാട്ട്സാപ്പ് അല്ലെങ്കില്‍ പേപ്പര്‍ മുഖേനെ പരാതി കൈപ്പറ്റിയതായി രസീത് നല്‍കണം. ലഭിച്ച പരാതി ഏഴ് പ്രവൃത്തി ദിനത്തിനുള്ളില്‍ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തതും ഗൗരവുമായ പരാതി ജില്ല രജിസ്റ്ററിംഗ് അതോറിറ്റിക്ക്/ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളിലും പരാതി രജിസ്റ്റര്‍ ബൂക്ക്രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കണം. ഇവ പരിശോധനയ്ക്ക് വിധേയമാക്കണം. ലഭിച്ച പരാതികളുടേയും അതിന്‍മേല്‍ എടുത്ത നടപടികളുടെയും സംക്ഷിപ്തം കൊമ്പീറ്റന്റ് അതോറിറ്റിക്ക് സമര്‍പ്പിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കണം.

നിരക്കുകളുടെ കൃത്യത

പ്രദര്‍ശിപ്പിച്ചിട്ടുള്ളതും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളതുമായ നിരക്കുകളിലും പരാതി പരിഹാരത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ നല്‍കിയിട്ടുള്ള വിവരങ്ങളിലും മാറ്റം വരുന്ന പക്ഷം അവ അപ്പോള്‍ തന്നെ മാറ്റം വരുത്തണം.

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ കൃത്യമായി ബില്ല് നല്‍കണം

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ, മറ്റു സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനംതിരിച്ച് ബില്‍ നല്‍കണം. പ്രദര്‍ശിപ്പിച്ചിരിക്കുന്ന/ പ്രസിദ്ധീകരിച്ചിരിക്കുന്ന നിരക്കുകളില്‍ കവിഞ്ഞ നിരക്ക് ഈടാക്കരുത്.

രോഗികള്‍ക്ക് ലഭ്യമായ മറ്റ് പരിഹാര മാര്‍ഗങ്ങള്‍

സേവനങ്ങളില്‍ വരുന്ന അപര്യാപ്തത സംബന്ധിച്ച പരാതി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളില്‍ നല്‍കണം. കബളിപ്പിക്കലും ചതിയും ഉള്‍പ്പെടെയുള്ള കേസ് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കണം.  ഗുരുതര കുറ്റങ്ങളുടെ കാര്യത്തില്‍ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പരാതി നല്‍കാം. പരാതി പരിഹാര സഹായത്തിന് ജില്ല/സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഉപദേശവും സഹായവും തേടാം.

മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ലംഘിച്ചാല്‍ 2018 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും, നിയന്ത്രണവും) നിയമപ്രകാരം ശിക്ഷാര്‍ഹവും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുന്നതിനോ റദ്ദ് ചെയ്യുന്നതിനോ കാരണമാകും. ഇവ സിവില്‍ ക്രിമിനല്‍ നിയമ നടപടിക്രമം പ്രകാരം രോഗികള്‍ക്ക് ലഭ്യമായ മറ്റു പരിഹാര മാര്‍ഗങ്ങള്‍ക്കുപരിയാണ്.

date