Skip to main content

വിജ്ഞാനകേരളം പദ്ധതിയിൽ പ്രൊഫഷണലുകളായ ഒരു ലക്ഷം പ്രവാസികൾ മെന്റർമാരാകുമെന്ന് തോമസ് ഐസക്

*പ്ലസ് വൺപ്ലസ് ടു ക്ലാസുകൾ ഉച്ചയ്ക്ക് ശേഷം മുഴുവനായും നൈപുണി പരിശീലനത്തിന് നീക്കിവെക്കാൻ ആലോചന

തൊഴിൽ മേഖലയ്ക്ക് അനുയോജ്യമാക്കും വിധം യുവതലമുറയ്ക്ക് നൈപുണി പരിശീലനം നൽകുന്ന വിജ്ഞാനകേരളം പദ്ധതിയിൽ പ്രൊഫഷണലുകളായ ഒരു ലക്ഷം പ്രവാസികൾ മെന്റർമാരാകുമെന്ന് മുൻ ധനകാര്യമന്ത്രിയും വിജ്ഞാനകേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവുമായ തോമസ് ഐസക്.

ലോകകേരള സഭയിൽ 'പുതുതലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളുംഎന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ബഹുദൂരം മുന്നോട്ടുനയിച്ച സാക്ഷരത പദ്ധതി പോലെ പ്രധാനപ്പെട്ട ഈ പദ്ധതി അടുത്ത വർഷം നടപ്പിലാക്കുമെന്ന് ഐസക് വ്യക്തമാക്കി. അടുത്ത വർഷം കേരളത്തിലെ എല്ലാ കോളജുകളുടെയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചുചേർത്തു ഇക്കാര്യം ചർച്ച ചെയ്യും. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി പ്രൊഫഷണലുകളായ അനവധി പ്രവാസികളുണ്ട്. അവരുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുക. ഓൺലൈൻ വഴി ക്ലാസുകൾ, സോഫ്റ്റ്സ്‌കിൽസ് നൽകാനാണ് ഉദ്ദേശിക്കുന്നത്.

യുവതലമുറയ്ക്ക് നൈപുണി പരിശീലനം നൽകി അവരെ വിദേശത്തേക്ക് അയക്കുക എന്നതല്ല ലക്ഷ്യമെന്ന് തോമസ് ഐസക് വിശദീകരിച്ചു. 'നൈപുണിയുടെ ഹബ്ബ് ആയി കേരളത്തെ മാറ്റുകയും അതുവഴി വ്യവസായ നിക്ഷേപങ്ങളെ ഇങ്ങോട്ടേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യം. ഫാർമ വ്യവസായത്തിന്റെ കേന്ദ്രം ഹൈദരാബാദ് ആയതുപോലെഐടിയുടെ കേന്ദ്രം ബംഗ്ലൂരു ആയതുപോലെ കേരളത്തെ നൈപുണി കേന്ദ്രമാക്കി മാറ്റും.

ആശയവിനിമയമാണ് കേരളത്തിന് പുറത്തേക്ക് പോകുന്ന മലയാളികൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രവാസികൾ ചൂണ്ടിക്കാട്ടി. പുതിയ കാലത്ത് ഭാഷാ പഠനം വളരെ പ്രധാനപ്പെട്ടതാണെന്നും ഇതിനായി സംസ്ഥാനത്തെ 45 കേന്ദ്രങ്ങളിൽ കമ്മ്യൂണിക്കേഷൻ പരിശീലനം നൽകി വരുന്നുണ്ടെന്നും ഐസക് മറുപടി പറഞ്ഞു.

പ്ലസ് വൺപ്ലസ് ടു ക്ലാസുകളിൽ ഉച്ചയ്ക്ക് ശേഷം മുഴുവനായും നൈപുണി പരിശീലനത്തിന് നീക്കിവെക്കാൻ ആലോചനയുണ്ടെന്ന്  തൊഴിൽനൈപുണി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ് അറിയിച്ചു. സംസ്ഥാനത്ത് 200 ൽ കൂടുതൽ നൈപുണി പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലായി 10,300 പേരാണ് കഴിഞ്ഞ വർഷം പ്രവേശനം നേടിയത്. നാട്ടിൽ ഐടിഐ കോഴ്‌സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നല്ല ഡിമാന്റുണ്ട്. പക്ഷെജർമൻ ഭാഷ അറിഞ്ഞിരിക്കണം. ഭാഷാ പരിജ്ഞാനം നിർണായകമാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകുമെന്ന് ചർച്ചയിൽ പങ്കെടുത്ത വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം മറുപടി നൽകി.

പി.എൻ.എക്സ്. 432/2026

date