Skip to main content

സി.പി.ആർ ജീവന്റെ വിലയുള്ള ദൗത്യം : മന്ത്രി പി. രാജീവ് 

* സമ്പൂർണ്ണ  സി.പി.ആർ സാക്ഷര മണ്ഡലമാകാൻ  കളമശ്ശേരി 

ജീവന്റെ വിലയുള്ള ദൗത്യമാണ് സി.പി.ആർ (കാർഡിയോപൾമണറി റെസസിറ്റേഷൻ) എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. സെന്റ് പോൾസ് കോളേജിൽ കളമശ്ശേരിയെ സമ്പൂർണ്ണ സി.പി.ആർ സാക്ഷര  നിയോജകമണ്ഡലമാക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം മെഡിക്കൽ ക്യാമ്പിൻ്റെ തുടർച്ചയായിട്ടാണ് 
'ഹൃദയത്തിന് ഒപ്പം' എന്ന ഈ ഉദ്യമം സാധ്യമാക്കുന്നത്.

കുഴഞ്ഞുവീണുള്ള മരണങ്ങൾ ഈയിടെയായി  വർദ്ധിച്ചു വരുന്നുണ്ട്. നമുക്കു മുമ്പിൽ ഒരാൾ കുഴഞ്ഞു വീണാൽ  അവർക്ക് സി.പി.ആർ നൽകാൻ കഴിയണം. ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നമ്മുടെ ഒരു പ്രവൃത്തി വഴി ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അത്രയും വലിയൊരു കാര്യം മറ്റെന്തുണ്ട്. മണ്ഡലത്തിലെ  തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ്  സി.പി.ആർ സാക്ഷരത  ഉറപ്പാക്കുന്നതെന്നും ഇതിനായി വിവിധ ആശുപത്രികൾക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരുപക്ഷേ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ജനപ്രതിനിധി താൻ പ്രതിനിധാനം ചെയ്യുന്ന ജനതയെ മുഴുവൻ സി.പി.ആർ സാക്ഷരരാക്കാൻ മുന്നിട്ടിറങ്ങുന്നത് എന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ   ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.  വിലമതിക്കാനാവാത്ത ഈ പ്രവർത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറ്റവും മാതൃകാപരമായ ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ തനിക്ക് ഏറെ അഭിമാനവും  സന്തോഷവും ഉണ്ടെന്ന് പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡർ ആയ പ്രശസ്ത സിനിമാ താരം ഷറഫുദ്ദീൻ പറഞ്ഞു.  

ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് പോൾസ് കോളേജിലെ വിദ്യാർത്ഥികൾക്കായി  സി.പി.ആർ പരിശീലനവും സംഘടിപ്പിച്ചിരുന്നു.

സെന്റ് പോൾസ് കോളേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ  കോളേജ് പ്രിൻസിപ്പൾ പ്രൊഫ. പ്രമദ രാമചന്ദ്രൻ അധ്യക്ഷയായി. എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോ. ഗണേഷ് മോഹൻ, ഡി.എം.ഒ കെ.കെ ആശ,  സീനിയർ കാർഡിയോളജിസ്റ്റ്  ഡോ. ജോ ജോസഫ്, ആസ്റ്റർ - ഓപ്പറേഷൻസ് സീനിയർ മാനേജർ  ബേസിൽ പീറ്റർ, ഐ.എം.എ കൊച്ചിൻ എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിങ് കോ ഓഡിനേറ്റർ ഡോ. എം.എം മുഹമ്മദ്‌ ആലിഫ്, ലിസി ആശുപത്രി പി.ആർ.ഒ  വി.ആർ രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date