നീതിയുടെ കയ്യൊപ്പ്; രത്നാകരനും ഭാര്യക്കും ഇനി സ്വന്തം മണ്ണ്
ജീവിതം പകുത്തുനല്‍കിയ വലിയ പരീക്ഷണങ്ങള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ആ കുടുംബത്തിന് ഒടുവില്‍ നീതിയുടെ കയ്യൊപ്പ്. ഹോസ്ദുര്‍ഗ് താലൂക്കിലെ തൃക്കരിപ്പൂര്‍ നടക്കാവ് നഗറില്‍ താമസിക്കുന്ന മരപ്പണി തൊഴിലാളിയായ രത്നാകരനും കുടുംബത്തിനും 35 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയായ പട്ടയം ലഭിച്ചത്. മരപ്പണിക്കിടെ ഒരു കാല് നഷ്ടമായതോടെയാണ് രത്നാകരന്റെ ജീവിതത്തിലെ ദുരിത പര്‍വം ആരംഭിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രത്നാകരന് തൊഴിലെടുക്കാന്‍ കഴിയാതെ വന്നതോടെ ജീവിതം പ്രതിസന്ധിയിലായി. വെരിക്കോസ് രോഗിയായ ഭാര്യയെയും ചേര്‍ത്ത് പിടിച്ചു ദിവസങ്ങള്‍ തള്ളി നീക്കി. കളിപ്പാട്ടം വില്‍പ്പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. ശാരീരികമായ അവശതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും വേട്ടയാടുമ്പോഴും തങ്ങള്‍ താമസിക്കുന്ന മണ്ണിലെങ്കിലും ഒരവകാശം വേണമെന്ന ഇവരുടെ പോരാട്ടത്തിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഇതില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ടെന്ന് രത്നാകരന് പറയുന്നു.
- Log in to post comments