സമ്പൂർണ സിനിമാനിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലി മാറും: മന്ത്രി സജി ചെറിയാൻ
* ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു
സമ്പൂർണ സിനിമാ നിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോയെ വികസിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവീകരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ട ഉദ്ഘാടനവും മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ മന്ത്രി നിർവഹിച്ചു.
മലയാള സിനിമയുടെ സാങ്കേതിക വളർച്ചയ്ക്ക് പുതിയ വഴിത്തിരിവാകുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്തതെന്ന് മന്ത്രി അറിയിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സമ്പൂർണ സിനിമാ നിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലിയെ മാറ്റുകയാണ് ലക്ഷ്യം. മലയാള സിനിമ ഒരു കാലത്ത് മദ്രാസ് സിനിമാ വ്യവസായത്തെ ഏറെ ആശ്രയിച്ചിരുന്ന സാഹചര്യത്തിൽ, സിനിമാ നിർമ്മാണം സ്വന്തം നാട്ടിൽ വളർത്തണമെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കെ.എസ്.എഫ്.ഡി.സി സ്ഥാപിച്ചു. തുടർന്ന് 1980-ൽ തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു. നിരവധി ക്ലാസിക് സിനിമകളുടെ നിർമ്മാണത്തിന് ഈ സ്റ്റുഡിയോ വേദിയായിട്ടുണ്ട്.
ഇപ്പോൾ ചിത്രാഞ്ജലിയെ ലോകോത്തര നിലവാരത്തിലുള്ള ' ക പ്‌ളീറ്റ് ഫിലിം പ്രൊഡക്ഷൻ ഹബ്' ആക്കുന്നതിനായി 150 കോടി രൂപയുടെ ബൃഹത്തായ നവീകരണ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന് 67.17 കോടി രൂപ കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിന്റെ ഭാഗമായി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, ഡിജിറ്റൽ ഇന്റർമീഡിയറ്റ് ബിൽഡിംഗ്, ഉപകരണ സംഭരണ കേന്ദ്രം, സബ്സ്റ്റേഷൻ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി. ശീതീകരിച്ച മീഡിയം ഷൂട്ടിംഗ് ഫ്ലോർ, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് എന്നിവ ഇതിനകം പ്രവർത്തനസജ്ജമായി. കൂടാതെ ഷൂട്ടിംഗിനാവശ്യമായ ആധുനിക ലൈറ്റുകളും വാങ്ങിയിട്ടുണ്ട്.
വരാനിരിക്കുന്ന മാസങ്ങളിൽ ഡോൾബി അറ്റ്മോസ് മിക്‌സിംഗ് തിയറ്റർ, ഡബ്ബിംഗ് സ്യൂട്ട്, ഫോളി സ്റ്റുഡിയോ, പ്രീ-മിക്‌സ് സ്യൂട്ട്, ഡി.ഐ സ്യൂട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ആധുനിക സ്റ്റോറേജ് സംവിധാനം, ഗ്രീൻ മാറ്റ് ഷൂട്ടിംഗ് ഫ്ലോർ, ഫയർഫൈറ്റിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ സമഗ്ര വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ശിൽപി കുന്നുവിള എം. മുരളി നിർമ്മിച്ച ജെ.സി. ഡാനിയലിന്റെ വെങ്കല പ്രതിമയും മന്ത്രി അനാച്ഛാദനം ചെയ്തു. ജെ സി ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയലിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം എം എ നിഷാദ് സ്വാഗതമാശംസിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, ജി എസ് വിജയൻ,സോഹൻ സീനുലാൽ, ബീന പോൾ, വാർഡ് കൗൺസിലർ ഷൈലജ കെ പി എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 995/2026
- Log in to post comments