Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഗതാഗത നിയന്ത്രണം

പരിയാരം ഗ്രാമപഞ്ചായത്തിലെ മന്ന - കുറ്റിയേരി -പനങ്ങാട്ടൂര്‍ - കാട്ടാമ്പള്ളി - പൂവ്വം റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തുമുതല്‍ 30 ദിവസത്തേക്ക് ഇതുവഴി ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

സ്ത്രീപദവി പഠന ശില്‍പശാല ചൊവ്വാഴ്ച 

ജില്ലാപഞ്ചായത്ത് , വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീപദവി പഠനം തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച ഏകദിന ശില്‍പശാല മാര്‍ച്ച് 10ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടട ഗവ. ഐ.ടി.ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കല്‍/മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് /മെക്കാട്രോണിക്‌സ് എന്നീ വിഷയത്തിലെ ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 11ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍: 04972835183

ക്ഷേമനിധി വിഹിതം അടക്കണം

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 25നകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അതാത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാതിരുന്നാല്‍ ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാവുകയും ചെയ്യും. ഫോണ്‍: 0495-2966577

പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം

തോട്ടട ഗവ. വനിതാ ഐ.ടി.ഐയില്‍ പ്രൈവറ്റ് ട്രെയിനികളുടെ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍, സി ഒ ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയതോ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍, എസ് സി വി ടി കോഴ്സ് പാസായ അര്‍ഹരായ ട്രെയിനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് വൈകീട്ട് നാലുമണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കില്‍ ലഭിക്കും.  ഫോണ്‍: 0497 2835987 

ഇറച്ചിക്കോഴിവളര്‍ത്തല്‍ പരിശീലനം

ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 16, 17 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 13ന് വൈകീട്ട് നാലിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497-2763473

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കരിമ്പുംകര, കാഞ്ഞിരോട്തെരു ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് പത്തിന് രാവിലെ എട്ടുമണി മുതല്‍ രാവിലെ 11 മണി വരെയും ധര്‍മ്മകിണര്‍, വീനസ്‌ക്ലബ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും കാവുംചാല്‍, ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുവരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തിന് രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ചതുരകിണര്‍, ഐ എം ടി, മറിയംടവര്‍, കാസ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

date