Skip to main content
ഗവ.ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറി ഉള്‍പ്പെടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു 

ഗവ.ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറി ഉള്‍പ്പെടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു 

 

പരിയാരം ഗവ.ആയുര്‍വേദ കോളേജില്‍ പൂര്‍ത്തികരിച്ച വിവിധ പദ്ധതികള്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സ്, ആനിമല്‍ ഹൗസ്, സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറി, നവീകരിച്ച ക്യാമ്പസ് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.ടി.ഡി.ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. 

ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനായി രണ്ടു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. മൂന്ന് നിലകളിലായി 521.13 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച കെട്ടിത്തില്‍ 12 ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സുകളാണ് ഉള്‍പ്പെടുന്നത്. 1.09 കോടി രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറി കെട്ടിടം നിര്‍മ്മിച്ചത്. 238.57 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ നാല് ലാബ് മുറികളും ഓഫീസ് റൂം, ടോയിലറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഗവേഷണ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ആരോഗ്യകരമായ സാഹചര്യത്തില്‍ പരിപാലിക്കുക, വൈദ്യശാസ്ത്രവും ഫാര്‍മക്കോളജിയും സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തി പുതിയ മരുന്നുകളും ചികിത്സാരീതികളും പഠിക്കുക, വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മൃഗപരീക്ഷണ രീതികളില്‍ പ്രായോഗിക പരിശീലനം നല്‍കുക, മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കി ശുചിത്വവും ശരിയായ പരിചരണവും നല്‍കുക, മൃഗസംരക്ഷണ നിയമങ്ങളും നൈതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് ഗവേഷണം നടത്തുക, ഗവേഷണ പരിസ്ഥിതി ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അനിമല്‍ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാര്‍മ്മക്കോളജി എക്സ്പിരിമെന്റ് റൂം, സാമ്പിള്‍ അനാലിസിസ് റൂം, ഓപ്പറേഷന്‍ റൂം, ഡിസ്‌കഷന്‍/മീറ്റിംഗ് റൂം, ഓഫീസ് റൂം എന്നിവ ഉള്‍പ്പെടുന്ന ആനിമല്‍ ഹൗസ് കെട്ടിട നിര്‍മ്മാണത്തിനായി 49.67 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 99.56 ചതുരശ്ര മീറ്റര്‍ ആണ് കെട്ടിടത്തിന്റെ വിസ്തൃതി. 

990 മീറ്റര്‍ നീളത്തില്‍ മിക്‌സ് സീല്‍ സര്‍ഫസിങ് ചെയ്താണ് കോളേജ് ക്യാമ്പസ് റോഡിന്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. 68.79 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 

പൊതുമരാമത്ത് വകുപ്പ് അസി എക്‌സി എഞ്ചിനിയര്‍ കെ ആശിഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ചന്ദ്രന്‍, പഞ്ചായത്ത് അംഗം എ.വി.കോമളവല്ലി, കോളേജ് പ്രിസിപ്പല്‍ ഡോ. പി.ആര്‍ ഇന്ദുകല, അഖിലകേരള ഗവ. ആയുര്‍വേദ കോളേജ് അധ്യാപക സംഘടന ഭാരവാഹി ഡോ. ജെനിന്‍ ജിത്ത്, കെ.ജി.ഒ.എ ഭാരവാഹി ഡോ. ജയകൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ.വി. ബാലകൃഷ്ണന്‍,   എച്ച്.ഡി.എസ് അംഗങ്ങളായ പി.പി.ദാമോദരന്‍, കെ.പി.ജനാര്‍ദ്ദനന്‍, സുധീഷ് കടന്നപ്പള്ളി, ടി.രാജന്‍, സി.ബി.കെ സന്തോഷ്, ജോസ് പള്ളിപ്പറമ്പില്‍, പി.ടി.എ പ്രസിഡന്റ് സുലൈമാന്‍, എന്‍.ജി.ഒ യൂണിയന്‍ പ്രതിനിധി കെ ഉണ്ണികൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിനിധി സി.ടി.സ്മിത, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമൃത എസ് രാജ്, ഡോ. എ.ഗുല്‍ഷന്‍, ഡോ.ശിഖ പാണ്ഡെ എന്നിവര്‍ സംസാരിച്ചു.

date