Skip to main content

സീബ്രാ ലൈനിലൂടെ റോഡിനു കുറുകെ കടക്കുമ്പോൾ ചിലർ വണ്ടി നിർത്താറില്ല - പുതിയ കളക്ടർക്ക് കുട്ടികളുടെ ആദ്യ പരാതി - മീറ്റ് ദ കളക്ടർ പരിപാടി നടന്നു

 

 

പലയിടങ്ങളിലും റോഡ് മുറിച്ച് കടക്കുന്നതിന് സീബ്ര ലൈനിൽ വാഹനങ്ങൾ നിർത്തി തരുന്നില്ലെന്ന് ജില്ലാ കളക്ടറോട് കുട്ടിക്കൂട്ടുകാരുടെ പരാതി. ജില്ലാ കളക്ടറുടെ പ്രതിവാര പരിപാടിയായ മുഖാമുഖം: മീറ്റ് യുവർ കളക്ടർ 2 :0 ൽ പങ്കെടുത്ത അരിമ്പൂർ ഗവ. യു പി. സ്കൂളിലെ കുട്ടികളാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനോട് ഈ പരാതി ഉന്നയിച്ചത്.

 

 

നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഇരുപത്തിയാറോളം കുട്ടികളും അധ്യാപകരുമാണ് തങ്ങളുടെ പുതിയ കളക്ടറെ കാണാനായി എത്തിയത്.

വരാനിരിക്കുന്ന വാർഷിക പരീക്ഷയെ കുറിച്ച് ചോദിച്ചറിഞ്ഞ് ആരംഭിച്ച സംവാദ പരിപാടിയിൽ സിവിൽ സർവീസ് പരീക്ഷ, കളക്ടർ എന്ന നിലയിലുള്ള ചുമതലകൾ, യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം, ബാല്യകാല അനുഭവങ്ങളും ഓർമ്മകളും, തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലെ വിശ്രമവേളകൾ, തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് കുട്ടികൾക്കിടയിൽ നിന്ന് ചോദ്യങ്ങളുയർന്നു. തങ്ങളാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലെന്നും മറ്റാരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ മുഖേന അധികൃതരെ അറിയിക്കുമെന്നും കുട്ടികൾ കളക്ടർക്ക് ഉറപ്പുനൽകി. 

 

സ്കൂളിലെ "ക്രിയേറ്റീവ് കോർണർ സ്കിൽ ട്രെയിനിങ്ങിന്റെ" ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ബൾബ്, ഫയൽ, ജാം തുടങ്ങിയവ സ്കൂൾ ലീഡർ കൈമാറി.  കുട്ടികൾക്കായി കളക്ടർ ഗാനമാലപിച്ചു. 

ഏഴാം ക്ലാസ് വിദ്യാർത്ഥി സാവൻ ശങ്കർ കെ എസ്  വരച്ച ചിത്രം കൈമാറി. കുട്ടികൾ സ്വയം തയ്യാറാക്കിയ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടും ഫോട്ടോയെടുത്തും കളക്ടറേറ്റ് എൻട്രൻസ് ഹാളിൽ "സ്വീപി"ന്റെ ഭാഗമായി ഒരുക്കിയ വോട്ടിംഗ് മെഷീൻ പരിചയപ്പെട്ടും മോക്ക് പോൾ ചെയ്തും സിവിൽ സ്റ്റേഷൻ ചുറ്റിക്കറങ്ങിയുമാണ് അവർ മടങ്ങിയത്.

പ്രധാന അധ്യാപിക ഷാലി കാതറിൻ സി ജി, അധ്യാപകരായ ഷൈജു ഒ കെ, അന്നു പോൾ, ലത കെ എന്നിവർ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.

date