Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: യോഗം നടത്താൻ തീരുമാനിച്ചിട്ടുള്ള സ്ഥലവും സമയവും പൊലീസിനെ മുൻകൂർ അറിയിക്കണം: ജില്ലാ കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ള സ്ഥലം, സമയം എന്നിവ അതാതിടങ്ങളിലെ ലോക്കൽ പൊലീസിനെ മുൻകൂറായി അറിയിച്ച് അനുമതി നേടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. 

യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ നിരോധനാജ്ഞയോ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാനിക്കണം. ആവശ്യമെങ്കിൽ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് ശരിയായ സമയത്ത് അപേക്ഷിക്കാവുന്നതാണ്. യോഗങ്ങൾക്ക് ഉച്ചഭാഷിണിപോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നേടണം. യോഗങ്ങൾ അലങ്കോലമാക്കാൻ ശ്രമിക്കുന്നവരെ  നിയന്ത്രിക്കുന്നതിനായി   പൊലീസ് സഹായം തേടേണ്ടതാണ്.

തിരഞ്ഞെടുപ്പ്: ചെയ്യാവുന്ന പ്രവൃത്തികൾ സംബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങൾ ചുവടെ,

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തുടങ്ങി വച്ചിട്ടുള്ളതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ തുടർന്നു കൊണ്ടുപോകാവുന്നതാണ്.

വെള്ളപ്പൊക്കം, വരൾച്ച, പകർച്ചവ്യാധി തുടങ്ങിയവയും മറ്റു പ്രകൃതിക്ഷോഭങ്ങൾ എന്നിവ ബാധിച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുതുതായി തുടങ്ങാവുന്നതും തുടർന്നുകൊണ്ടു പോകാവുന്നതുമാണ്.

ഗുരുതരവും അത്യാസന്നവുമായ രോഗം ബാധിച്ച വ്യക്തികൾക്ക് നൽകുന്ന സാമ്പത്തിക സാഹായം ബന്ധപ്പെട്ടവരുടെ അനുമതിയോടെ നൽകാവുന്നതാണ് (വകുപ്പ് മേധാവി ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് അപേക്ഷ നൽകി സിഇഒയുടെ അനുമതിയോടെ ചെയ്യാവുന്നതാണ്).

പൊതുമൈതാനം. മറ്റു പൊതു സ്ഥലങ്ങൾ, ഹെലിപാഡ് എന്നിവ എല്ലാ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് മീറ്റിംഗുകൾക്കായി ലഭ്യമാക്കേണ്ടതാണ്.

മറ്റു രാഷ്ട്രീയ കക്ഷികളേയും അവരുടെ സ്ഥാനാർഥികളെയും വിമർശിക്കുന്നത് അവരുടെ നയങ്ങൾ, പരിപാടികൾ, മുൻകാല പ്രവർത്തനങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനമാക്കിയാകണം (വ്യക്തിപരമായ വിമർശനം ഒഴിവാക്കണം).

ഇലക്ഷൻ സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകർക്ക് ശാന്തമായ ഗൃഹാന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കപ്പടണം.

രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ജാഥകൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയം, കടന്നു പോകുന്ന വഴി എന്നിവ മുൻകൂറായി തീരുമാനിക്കുകയും ബന്ധപ്പെട്ട പൊലീസ് അധികാരികളിൽ നിന്നും ഇതിന് മുൻകൂർ അനുമതി നേടുകയും വേണം. ജാഥകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നിരോധനാജ്ഞ നിലവിലുണ്ടോ എന്ന് അന്വേഷിച്ച് നിജപ്പെടുത്തണം. ഇലക്ഷൻ ജാഥകൾ, പ്രകടനങ്ങൾ യാതൊരു കാരണവശാലും ട്രാഫിക്കിനെ ബാധിക്കാൻ പാടുള്ളതല്ല. റോഡിൻ്റെ വലതുഭാഗത്തുകൂടി പ്രകടനവും ജാഥയും നടത്തേണ്ടതാണ്.

സമാധാന പൂർണ്ണവും ചിട്ടയായതുമായ തിരഞ്ഞടുപ്പ് പ്രക്രിയക്കായി ഉദ്യോഗസ്ഥരുമായി സഹകരിക്കണം. രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരും മറ്റും തിരിച്ചറിയൽ കാർഡ്/ ബാഡ്ജ് നിർബന്ധമായും ധരിക്കണം.

വോട്ടർമാർക്ക് നൽകുന്ന സ്ലിപ്പ് കഴിയുന്നതും വെള്ളപേപ്പറിൽ ആയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ചിഹ്നങ്ങളോ, സ്ഥാനാർത്ഥിയുടെ പേരോ രാഷ്ട്രീയ പാർട്ടിയുടെ പേരോ രേഖപ്പെടുത്താത്തതായിരിക്കണം. 

തിരഞ്ഞടുപ്പ് പ്രചാരണ വേളയിലും തിരഞ്ഞടുപ്പ് ദിവസവും വാഹന ഗതാഗതത്തിലുള്ള നിയന്ത്രണം തീർച്ചയായും പാലിക്കേണ്ടതാണ്.

വോട്ടർമാർ, സ്ഥാനാർഥികൾ, തിരഞ്ഞടുപ്പ് ഏജന്റുമാർ എന്നിവർ ഒഴിച്ച് തിരഞ്ഞടുപ്പ് കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചവർക്കു മാത്രമേ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിന് അനുമതിയുള്ളൂ.  ഇലക്ഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതിയോ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അത് ഒബ്‌സർവർമാരെ അറിയിക്കേണ്ടതാണ്.

ഇലക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇലക്ഷൻ കമ്മീഷൻ, റിട്ടേണിംഗ് ഓഫീസർ, ജില്ലാ ഇലക്ട്രൽ ഓഫീസർ എന്നിവരിൽ നിന്നുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും, നിയന്ത്രണങ്ങളും പാലിക്കണം. 

ഒരു നിയോജക മണ്ഡലത്തിലെ സമ്മതിദായകനോ, സ്ഥാനാർഥിയോ, സ്ഥാനാർഥിയുടെ ഏജന്റോ അല്ലാതെ ഇലക്ഷൻ പ്രചാരണത്തിനുവേണ്ടി മറ്റു മണ്ഡലങ്ങളിൽ നിന്നും വന്നിട്ടുള്ള പ്രവർത്തകർ പോളിംഗിന് 48 മണിക്കൂർ മുമ്പ് മണ്ഡലം വിട്ടുപോകേണ്ടതാണ്.

date