Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ് : ഇന്‍ക്ലുസീവ് പോളിങ് ബൂത്തുകള്‍ സജ്ജമാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 ശതമാനവും ഭിന്നശേഷി സൗഹൃദമായ മൂന്നു ബൂത്തുകളുടെ ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു ഇന്‍ക്ലുസീവ് ബൂത്തെങ്കിലുമുണ്ടായിരിക്കണമെന്ന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മൂന്നു നിയോജക മണ്ഡലങ്ങളിലായി വിവിധ തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളോടെ ബൂത്തുകള്‍ ഒരുങ്ങുന്നത്. മലപ്പുറം മണ്ഡലത്തിലെ മലപ്പുറം ഗവ.കോളെജ്, ജി.ബ്ലോക്ക്, സൗത്ത് സൈഡ് (ബൂത്ത് നമ്പര്‍- 152), മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ബൂത്ത് നമ്പര്‍- 152), വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ബൂത്ത് നമ്പര്‍- 74) എന്നിവയാണ് ജില്ലയിലെ ഇന്‍ക്ലുസീവ് ബൂത്തുകള്‍.

കാഴ്ച, കേള്‍വി പരിമിതിയുള്ളവര്‍ക്കും ഓട്ടിസം ബാധിതരായവര്‍ക്കും സുഗമമായി വോട്ട് ചെയ്യാന്‍ കഴിയും വിധം മാഗ്നിഫൈയിങ് ഷീറ്റുകള്‍, ബൂത്തുകളുടെ പ്രവേശന കവാടം മുതല്‍ എക്‌സിറ്റ് പോയിന്റ് വരെ സ്പര്‍ശനം വഴി സഞ്ചരിക്കാന്‍ കഴിയുന്ന ഇടനാഴികള്‍, വീല്‍ചെയര്‍ സൗകര്യം, വീല്‍ചെയറിലിരുന്ന് വോട്ട് ചെയ്യാനായി പ്രത്യേകം തയാറാക്കിയ ടേബിളുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങളാണ് ലഭ്യമാകുന്നത്. ബൂത്തിന് പുറത്ത് സൈന്‍ ലാന്‍ഗ്വേജ് വഴി വോട്ടിങ് പ്രക്രിയ ഓഡിയോ സഹായത്തോടെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. സേവനത്തിനായി  വോളണ്ടിയര്‍മാരുമുണ്ടാകും.

അവലോകന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഇന്‍ക്ലുസീവ് ബൂത്തുകളുടെ നോഡല്‍ ഓഫീസര്‍മാരായ ഡോ. ടി.എന്‍. അനൂപ്, സമീര്‍ മച്ചിങ്ങല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

date