Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ വനിതാ ശിശുസൗഹൃദ ബൂത്തുകൾ ഒരുങ്ങുന്നു

വോട്ടുചെയ്യാൻ ക്യൂ നിൽക്കുമ്പോൾ ഇനി അമ്മമാർക്ക് കുഞ്ഞുങ്ങളെ ഓർത്ത് വേവലാതി വേണ്ട. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കും ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകി  ജില്ലയിൽ 'വനിതാ ശിശുസൗഹൃദ ബൂത്തുകൾ' സജ്ജമാകുന്നു. 

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയമാക്കുന്നതിനും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ കരുതലൊരുക്കം.

അമ്മമാർ വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് കുട്ടികളെ സുരക്ഷിതമായി ഇരുത്തുന്നതിനായി ബൂത്തുകളിൽ 'മിനി ക്രഷ്' സൗകര്യം ലഭ്യമാക്കും. മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികളും ഗർഭിണികൾക്കും സ്ത്രീകൾക്കും വിശ്രമിക്കാനുള്ള ഇടങ്ങളും  ഒരുക്കും. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സേവനം കൂടി ലഭ്യമാക്കുന്നതോടെ കുട്ടികളുടെ പരിപാലനം കൂടുതൽ എളുപ്പമാകും.

മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും കൈത്താങ്ങ്

വനിതകൾക്കും കുട്ടികൾക്കും പുറമെ, വോട്ടുചെയ്യാനെത്തുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമെങ്കിൽ വിശ്രമിക്കാനായി  ഇത്തരം ഇടങ്ങൾ ഉപയോഗിക്കാം.

 പോളിങ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ആശ്വാസം നൽകാനും പുതിയ സൗകര്യം സഹായിക്കും. ജില്ലയിലെ കൂടുതൽ ബൂത്തുകളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കുന്നതിലൂടെ വോട്ടിങ് ശതമാനം വർധിപ്പിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

date