Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോസ്റ്റൽ ബാലറ്റ് (തപാൽ വോട്ട്) രേഖപ്പെടുത്തുന്നതിനുള്ള വിശദമായ സമയക്രമവും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. 

​ഇന്ന് (മാർച്ച് 30) മുതൽ ഭിന്നശേഷിക്കാർ, 85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ  എന്നിവർക്കായി വീടുകളിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള ഹോം വോട്ടിങ്  നടപടികളും ചൊവ്വാഴ്ച (മാർച്ച് 31) മുതൽ അവശ്യ സർവീസുകളിൽ ഉൾപ്പെട്ട വോട്ടർമാർക്കായി പോസ്റ്റൽ വോട്ടർ സെന്ററുകളും ആരംഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 

പോളിങ് ഉദ്യോഗസ്ഥർക്കും ഇതര ഡ്യൂട്ടിയുള്ളവർക്കും രണ്ടാം ഘട്ട പരിശീലനത്തിന് ശേഷം വോട്ട് രേഖപ്പെടുത്താം. ഡ്രൈവർമാർ, വീഡിയോഗ്രാഫർമാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പോളിങ് അല്ലാത്ത തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള  ജീവനക്കാർക്കായി ഓരോ ജില്ലയിലും പ്രത്യേക വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ സജ്ജീകരിക്കും. തപാൽ വോട്ടുകൾ കൃത്യമായി തരംതിരിക്കുന്നതിനായി പുറം കവറുകളിൽ (13C) പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കണമെന്ന് റിട്ടേണിംഗ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹോം വോട്ടിങ് കിറ്റുകൾ
 
​വീടുകളിൽ പോയി വോട്ട് ചെയ്യിക്കുന്ന നടപടികളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാൻ സ്ഥാനാർത്ഥികൾക്ക് പ്രത്യേക കിറ്റുകൾ നൽകും. ഇതിൽ 
വീടുകളിൽ വോട്ട് ചെയ്യിക്കാൻ പോളിങ് ടീം എത്തുന്ന കൃത്യമായ സമയക്രമം, ടീമുകൾ സഞ്ചരിക്കുന്ന റൂട്ട് മാപ്പ്,
മണ്ഡലത്തിലെ അംഗീകൃത 'ഹോം വോട്ടിങ്' വോട്ടർമാരുടെ പട്ടിക എന്നിവ ഉണ്ടായിരിക്കും. 
​ഈ വിവരങ്ങൾ വോട്ട് ചെയ്യിക്കുന്ന നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും അവർ നിർദേശിച്ചു.

date